'മരുന്ന് നൽകാനുള്ള വിധം ഡോക്ടർ പറഞ്ഞില്ല'; മൃഗാശുപത്രിയിൽ ചികിത്സ തേടിയ പൂച്ചയുടെ കാലുകൾ തളർന്നു
മൂന്ന് ദിവസം മുൻപാണ് രോമം പൊഴിയുന്നതിന് ചികിത്സ തേടി പൂച്ചയെ ചവറ ഗവൺമെൻറ് വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയത്
കൊല്ലം: ചവറയിൽ സർക്കാർ മൃഗാശുപത്രിയിൽ ചികിത്സ തേടിയ പൂച്ചയുടെ കാലുകൾ തളർന്നു. പത്മനാഭ സാദ് മൻസിലിൽ സഹൽ വളർത്തുന്ന പൊന്നൂസ് എന്ന പൂച്ചയുടെ കാലുകളാണ് തളർന്നത്. മരുന്ന് നൽകാനുള്ള വിധം ഡോക്ടർ കൃത്യമായി പറഞ്ഞില്ലെന്ന് വീട്ടുകാർ പറയുന്നു.
മൂന്ന് ദിവസം മുൻപാണ് രോമം പൊഴിയുന്നതിന് ചികിത്സ തേടി പൂച്ചയെ ചവറ ഗവൺമെൻറ് വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയത്. പത്ത് മില്ലിഗ്രാമിന്റെ മരുന്ന് കുറിച്ച ഡോക്ടർ എത്ര തവണയായി ഇത് പൂച്ചക്ക് നൽകണമെന്ന് ആദ്യം പറഞ്ഞില്ല. പിന്നീട് ഒരു തവണ തന്നെ വെള്ളത്തിലോ പാലിലോ ചേർത്ത് നൽകാൻ നിർദ്ദേശിച്ചു.
മരുന്ന് നൽകി രണ്ട് മണിക്കൂറിന് ശേഷം പൂച്ചയുടെ പിറകിലെ കാലുകൾ തളർന്നു. തുടർന്ന് ഡോക്ടറെ വിളിച്ചപ്പോൾ ഇത് മരുന്നിന്റെ പാർശ്വഫലം കൊണ്ടല്ലെന്നും മൃഗങ്ങൾക്കെല്ലാം കൊടുക്കുന്ന മരുന്നാണെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.
എന്നാൽ പിറ്റേന്ന് ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡോസ് കൂടിയ മരുന്ന് ഒറ്റത്തവണ നൽകിയതാണ് തളർച്ചയ്ക്ക് കാരണമെന്ന് വ്യക്തമായത്. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ ചികിത്സയിലാണ് പതിയെയെങ്കിലും നിൽക്കാൻ പൂച്ചയ്ക്കായത്. ചവറ മൃഗാശുപത്രിയിലെ ഡോക്ടർക്കെതിരെ സഹൽ മൃഗസംരക്ഷണ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16