ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് സി.ബി.ഐ
കേരളത്തിലേയും പുറത്തേയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്‌ന മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ട്
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കാണാതായ ജെസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് സി.ബി.ഐ. തിരോധാനക്കേസിൽ കേരളത്തിലേയും പുറത്തേയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്‌ന മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെല്ലാം പൂർണമായും തള്ളുകയാണ് സി.ബി.ഐ. പൊന്നാനിയിലും ആര്യസമാജത്തിലുമെല്ലാം പരിശോധനകൾ നടത്തി. തമിഴ്‌നാട്ടിൽ ജെസ്‌നയുണ്ടെന്ന തരത്തിൽ ക്രൈംബ്രാഞ്ച് ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലും കർണാടകയിലും മുംബൈയിലും പരിശോധനകൾ നടത്തി. എന്നാൽ ഇവിടങ്ങളിലൊന്നും തന്നെ ജസ്‌നയെക്കുറിച്ച് ഒരു വിവരങ്ങളും ലഭിച്ചില്ല. ഒരു ഘത്തിൽ ഇന്റർപോളിന്റെ സഹായം തേടുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. എന്നിട്ടും ജെസ്‌നയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മാത്രമല്ല 2018 മുതൽ ലഭിച്ച മൃതദേഹങ്ങളും പരിശോധിച്ചു. ഇതിൽ ഒന്നുപോലും ജെസ്‌നയുടേതല്ലെന്നും കണ്ടെത്തി
2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാർഥിയായിരുന്ന ജെസ്നയെ കാണാതായത്. എരുമേലി വെച്ചുചിറ സ്വദേശിനയായ ജെസ്നയെ കാണാതായ അന്നുമുതൽ ആരംഭിച്ച അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. കഴിഞ്ഞ അഞ്ച് വർഷമായി ജെസ്ന എവിടെയെന്ന് കേരളമൊന്നാകെ ഉയർത്തിയ ചോദ്യമാണ് ഉത്തരമില്ലാതെ അവസാനിക്കുന്നത്. ജെസ്ന ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്ന അടിസ്ഥാന സംശയത്തിന് പോലും ഉത്തരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്ന മുണ്ടക്കയത്തെ ബസ് സ്റ്റാന്റിലൂടെ നടക്കുന്ന ദൃശ്യങ്ങൾ വരെ ലഭിച്ചിരുന്നു. എന്നാൽ അതിനുശേഷം ജെസ്നക്ക് എന്തുസംഭവിച്ചുവെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചത്.
Adjust Story Font
16