ഇരട്ടക്കൊലക്ക് ശേഷം ഹാർഡ് ഡിസ്ക് നെഞ്ചോട് ചേര്‍ത്ത് മടങ്ങുന്ന പ്രതി അമിത് ഒറാങ്; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പുലർച്ച പന്ത്രണ്ടരയോടെ പ്രതി വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ മീഡിയവണിന്

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന്. പ്രതി അമിത് ഒറാങ് കൃത്യം നടത്തിയ ശേഷം സിസിടിവി ഹാർഡ് ഡിസ്കുമായി നടന്ന പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
പുലർച്ച പന്ത്രണ്ടരയോടെ പ്രതി വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വഴിയിലെ കൈത്തോടിലായിരുന്നു പ്രതി ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിച്ചത്. ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ വീടിന് സമീപത്തെ തോട്ടിൽ നിന്നും സിസിടിവി ഹാർഡ് ഡിസ്കും കൊല്ലപ്പെട്ട ദമ്പതികളുടെ ഒരു ഫോണും കണ്ടെത്തിയിരുന്നു . വീട്ടിലെത്തി നടത്തിയത് തെളിവെടുപ്പിൽ കൃത്യം നടത്തിയ രീതി പൊലീസിനോട് ഇയാൾ വിവരിച്ചിരുന്നു.
തന്റെ ജീവിതം തകർത്തതിന്റെ പക വീട്ടാനാണ് കൊല നടത്തിയതെന്നാണ് പ്രതി അമിത് ഒറാങ് പൊലീസിന് നൽകിയ മൊഴി. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. തന്റെ ജീവിതം തകർത്തതിന്റെ പക വീട്ടാനാണ് കൊല നടത്തിയതെന്നും അമിത് മൊഴി നല്‍കി. ഫോൺ മോഷണക്കേസ് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വിജയകുമാർ ചെവിക്കൊണ്ടില്ല. പെൺ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും പ്രതികാരം കൂട്ടി. വിജയകുമാറിന്റെ രണ്ട് ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതി രണ്ടേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു. കൊല നടത്താൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പ്രതി അമിത് ഓറാങ് മൊഴിനൽകിയത്.
അതേസമയം, തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകത്തിന് മകന്റെ മരണവുമായി ബന്ധമില്ലെന്ന് സിബിഐയുടെ പ്രാഥമിക നിഗമനം.വിജയകുമാർ - മീര ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐക്ക് പൊലീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിലയിരുത്തൽ. 2017 ലാണ് ദമ്പതികളുടെ മകൻ ഗൗതമിനെ ദുരൂഹ സാഹചര്യത്തിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്തിയത്.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍, ഭാര്യ ഡോ. മീര വിജയകുമാര്‍ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ മാളയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുളള കോഴി ഫാമില്‍ നിന്നാണ് അമിതിനെ പൊലീസ് പിടികൂടിയത്.
Adjust Story Font
16

