Quantcast

ഭക്ഷ്യ സബ്‌സിഡി നൽകുന്നതിന് പണമില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്നു: മുഖ്യമന്ത്രി

മണ്ണെണ്ണ വില കൂട്ടിയ കേന്ദ്ര നടപടി ക്രൂരമാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ

MediaOne Logo

Web Desk

  • Updated:

    2022-04-03 16:54:47.0

Published:

3 April 2022 4:51 PM GMT

ഭക്ഷ്യ സബ്‌സിഡി നൽകുന്നതിന് പണമില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്നു: മുഖ്യമന്ത്രി
X

സാധാരണക്കാർക്ക് ആവശ്യമുള്ള ഭക്ഷ്യ സബ്‌സിഡിയും എണ്ണ സബ് സിഡിയും നൽകുന്നതിന് പണമില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധനവിലയ്‌ക്കൊപ്പം ഭക്ഷ്യ വിലയും വർധിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം. ഇന്ധന വിലവർധനവ് വിലക്കയറ്റത്തിന് വഴിവെക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സബ്‌സിഡികൾ വെട്ടിക്കുറച്ച് സാധാരണക്കാർക്ക് മേൽ നികുതി ഭാരം കയറ്റി വെക്കുകയാണ് കേന്ദ്രമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മണ്ണെണ്ണ വില കൂട്ടിയ കേന്ദ്ര നടപടി ക്രൂരമാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിലും വ്യക്തമാക്കി. അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ എക്‌സൈസ് നികുതി വർധിപ്പിക്കുന്ന നയമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോൾ -ഡീസൽ നികുതി 2016 മുതൽ സംസ്ഥാനം കൂട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സ്ഥലങ്ങളിലെ വില നോക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വില വർധനവിൻറെ പശ്ചാത്തലത്തിൽ ഈ മാസം ആറിന് കേന്ദ്ര ഭക്ഷ്യ-പെട്രോളിയം മന്ത്രിമാരുമായി സംസ്ഥാന ഭക്ഷ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

അതേസമയം പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും നാളെ വർധിക്കും. രണ്ടാഴ്ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8 രൂപ 84 പൈസയും വർധിച്ചു.നാളെ കൊച്ചിയിൽ പെട്രോളിന് 113 രൂപ 46 പൈസയും ഡിസലിന് 100.4 പൈസയും നൽകണം. അടിക്കിടെയുണ്ടാവുന്ന ഇന്ധനവില വർധന ഭക്ഷ്യവില വർധനയിലേക്കും നയിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 115 രൂപ 1 പൈസയും ഡീസലിന് 101 രൂപ 85 പൈസയും കൊച്ചിയിൽ പെട്രോളിന് 113 രൂപ 2 പൈസയും, ഡീസലിന് 99 രൂപ 98 പൈസയുമാണ് ഇന്നത്തെ വില.

TAGS :

Next Story