ചാലക്കുടി പോട്ട ബാങ്കിലെ കവർച്ച: 14,90,000 രൂപ കണ്ടെടുത്തു; പ്രതിയെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് അയച്ചു
റിജോ ബാങ്ക് ജീവനക്കാരെ ഭീഷണപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിന്റെ അടുക്കള സ്ലാബിന്റെ ഡ്രോയറിൽ നിന്നും പൊലീസ് കണ്ടെടുത്തു

തൃശൂർ: ചാലക്കുടി പോട്ട ശാഖയിലെ ബാങ്കിൽ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർച്ച ചെയ്ത കേസിലെ പ്രതി റിജോ ആന്റണിയെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് അയച്ചു. റിജോ കവർച്ച നടത്തിയ 15 ലക്ഷം രൂപയിൽ നിന്നും 14,90,000 രൂപ പൊലീസ് കണ്ടെടുത്തു.
റിജോ ആന്റണി രണ്ടര വർഷം മുമ്പ് മേലൂരിലാണ് താമസിച്ചിരുന്നത്. അതിനു ശേഷമാണ് പോട്ട ആശാരിപ്പാറയിൽ വീട് വച്ച് താമസമാക്കിയത്. റിജോയുമായി നടത്തിയ അന്വേഷണത്തിൽ ആശാരിപ്പാറയുള്ള ഇയാളുടെ വീടിന്റ ബെഡ്റൂമിൽ നിന്നും 12 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മൂന്ന് ബണ്ടിലിന്റെ 500ന്റെ നോട്ടുകളാണ് കവർച്ച ചെയ്യപ്പെട്ടത്. അതിൽ കണ്ടുകിട്ടിയതിൽ രണ്ട് ബണ്ടിലിന്റെ 500 ന്റെ നോട്ടുകെട്ടുകൾ കവർച്ച ചെയ്ത സമയത്തുള്ളതുപോലെ പൊട്ടിക്കാത്ത നിലയിൽ തന്നെയായിരുന്നു. ഒരു ബണ്ടിലിന്റെ 500 ന്റെ നോട്ടുകെട്ടുകൾ പൊട്ടിച്ച നിലയിലുമായിരുന്നു. സംഭവ സമയം റിജോ ഉപയോഗിച്ച ഹെൽമെറ്റ് റിജോയുടെ വീടിന്റെ കോണിപ്പടിയുടെ താഴെയുള്ള പെട്ടിയിൽ നിന്നും കണ്ടെടുത്തു. റിജോ ബാങ്ക് ജീവനക്കാരെ ഭീഷണപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിന്റെ അടുക്കള സ്ലാബിന്റെ ഡ്രോയറിൽ നിന്നും പൊലീസ് കണ്ടെടുത്തു.
റിജോ കടം വീട്ടുന്നതിന് നല്കിയ 2,90,000 രൂപ അന്നനാടുള്ള ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസം ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് റിജോ കവര്‍ച്ച നടത്താന്‍ ഉച്ച സമയം തെരഞ്ഞെടുത്തത്. ജീവനക്കാര്‍ പുറത്തുപോകുന്ന സമയവും മറ്റും മനസിലാക്കിയാണ് റിജോ കവർച്ച ആസൂത്രണം ചെയ്തത്.
സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയമായ അന്വേഷണങ്ങൾക്കിടയിലാണ് സംഭവം നടന്ന് 36 മണിക്കൂറിനുള്ളിൽ പ്രതിയായ റിജോ ആന്റണി അറസ്റ്റിലായത്. റിജോയെ വീട്ടില്‍ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്. ആഡംബര ജീവിതം നയിക്കുന്നയാളാണ് റിജോ. മറ്റുള്ളവരില്‍ നിന്ന് വാങ്ങിയ കടം വീട്ടാനാണ് ഇയാൾ കവർച്ച നടത്തിയത്.
Adjust Story Font
16