കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. ആയതിനാൽ റെഡ് അലെർട്ടിന് സമാനമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തേണ്ടത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 15 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 16ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് തുടരും. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണെങ്കിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ റെഡ് അലേർട്ട്നു തുല്യമായ മുൻകരുതലുകള്‍ കൈക്കൊള്ളാനും നിര്‍ദ്ദേശമുണ്ട്.
ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Adjust Story Font
16