'പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അളക്കേണ്ട'; പിണറായിയുടെ പരാമർശം സംഘ്പരിവാറിന് ഗുണം ചെയ്യുമെന്ന് 'ചന്ദ്രിക' മുഖപ്രസംഗം
മുഖ്യമന്ത്രിക്ക് മതനിരപേക്ഷതയോട് ആത്മാർഥതയില്ലെന്നും 'ചന്ദ്രിക' മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്‌ലിം ലീഗ് മുഖപത്രം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതക്ക് കാരണം സംഘ്പരിവാർ ബാന്ധവത്തിന്റെ അനുരണനമാണെന്ന് ചന്ദ്രിക മുഖപ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘ്പരിവാറിനാണ് ഗുണം ചെയ്യുക. പൂരം കലക്കൽ, മുനമ്പം വിഷയം എന്നിവയിൽ നടപടി വൈകുന്നത് സംഘ്പരിവാറിനുള്ള സഹായഹസ്തത്തിന്റെ ഭാഗം. നാട് തകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിന് കനത്തൊരു കൈത്താങ്ങാണ് പിണറായി നൽകിയത്. മുഖ്യമന്ത്രിക്ക് മതനിരപേക്ഷതയോട് ആത്മാർഥതയില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ജാതിമത ഭേദമന്യേ ഒരാൾക്ക് മുന്നിലും ഒരിക്കലും കൊട്ടിയടക്കപ്പെടാതെ മനുഷ്യന്റെ പ്രയാസങ്ങളിലേക്കും വേദനകളിലേക്കും തുറന്നുവെച്ച കവാടമാണ് കൊടപ്പനക്കൽ തറവാട്. ആശയപരമായി വിയോജിപ്പുകള്ളവർ പോലും പാണക്കാട് കുടുംബത്തിന്റെ മാനവികബോധത്തെ അംഗീകരിക്കാറുണ്ട്. മുഖ്യമന്ത്രിയും കൂട്ടരും നാഴികക്ക് നാൽപ്പതുവട്ടം വിളിച്ചുപറയുന്ന മതനിരപേക്ഷതയോട് ആത്മാർഥതയുടെ ഒരു തരിമ്പെങ്കിലുമുണ്ടെങ്കിൽ സന്ദീപ് വാര്യരയുടെ നിലപാടുമാറ്റത്തെ സ്വാഗതം ചെയ്യുകയും അദ്ദേഹം പാണക്കാടെത്തിയതിനെ സ്വാഗതം ചെയ്യുകയുമാണ് വേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Adjust Story Font
16