Quantcast

ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് വ്യാജവാർത്ത; ഓൺലൈൻ മാധ്യമത്തിനെതിരെ ചാണ്ടി ഉമ്മന്റെ വക്കീൽ നോട്ടിസ്

'മറുനാടൻ മലയാളി'ക്കും എഡിറ്റർ ഷാജൻ സ്‌കറിയയ്ക്കും എതിരെയാണ് മാനനഷ്ടക്കേസിൽ വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-12 13:58:40.0

Published:

12 May 2023 1:54 PM GMT

ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് വ്യാജവാർത്ത; ഓൺലൈൻ മാധ്യമത്തിനെതിരെ ചാണ്ടി ഉമ്മന്റെ വക്കീൽ നോട്ടിസ്
X

കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് വ്യാജവാർത്തകൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി ഓൺലൈൻ മാധ്യമമായ 'മറുനാടൻ മലയാളി'ക്കെതിരെ നിയമനടപടിയുമായി മകൻ ചാണ്ടി ഉമ്മൻ. കുടുംബത്തിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും വ്യാജരേഖകൾ പടച്ചുണ്ടാക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മറുനാടനും മാനേജ്‌മെന്റിനും ചാണ്ടി ഉമ്മൻ മാനനഷ്ടക്കേസിൽ വക്കീൽ നോട്ടിസ് അയച്ചു.

മറുനാടൻ മലയാളിക്കു പുറമെ എഡിറ്റർ ഷാജൻ സ്‌കറിയ, മാനേജിങ് എഡിറ്റർ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ എം. റിജു എന്നിവർക്കാണ് വക്കീൽ നോട്ടിസ്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് നിരന്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചു, ചികിത്സ നടന്ന ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയിൽനിന്നെന്നു ചൂണ്ടിക്കാട്ടി വ്യാജരേഖ ചമച്ചു, ഭാര്യയും മകൻ ചാണ്ടി ഉമ്മനും മകളും ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വക്കീൽ നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

നോട്ടിസ് ലഭിച്ച് അഞ്ചു ദിവസത്തിനകം വിഷയത്തിൽ നിരുപാധികം മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് തുടർന്ന് വാർത്തകൾ പ്രസിദ്ധീകരിക്കരുത്. ഇതിൽ വീഴ്ചവരുത്തിയാൽ സിവിൽ, ക്രിമിനൽ കേസുകളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പുണ്ട്. ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെയാണ് വക്കീൽ നോട്ടിസ് അയച്ച വിവരം പുറത്തുവിട്ടത്. മറുനാടൻ തുടർച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവവിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.

നേരത്തെ, വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസുഫലിക്കെതിരായ അപകീർത്തി പരമാർശങ്ങളിൽ മറുനാടൻ മാപ്പുപറഞ്ഞിരുന്നു. യൂസുഫലി ലഖ്‌നൗവിലടക്കം മാനനഷ്ടക്കേസ് നൽകിയതിനു പിന്നാലെയായിരുന്നു ഷാജൻ സ്‌കറിയയുടെ പരസ്യ ഖേദപ്രകടനം. മറുനാടനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് കഴിഞ്ഞ ദിവസം ചലച്ചിത്ര നടൻ പൃഥ്വിരാജും അറിയിച്ചിരുന്നു. കള്ളപ്പണക്കേസിൽ താരം ഇ.ഡിക്ക് 25 കോടി രൂപ പിഴയടച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Summary: Former Chief Minister Oommen Chandy's son Chandy Oommen has taken legal action against the online media 'Marunadan Malayali' for giving fake news about father's illness.

TAGS :

Next Story