പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍; 37,213 വോട്ടിന്‍റെ ഭൂരിപക്ഷം
ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിയെയും മറികടന്നു
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് റെക്കോർഡ് വിജയം. 53 വർഷം ഉമ്മൻചാണ്ടിയെ വിജയിച്ച പുതുപ്പള്ളിക്കാർ മകനായ ചാണ്ടി ഉമ്മനെയും കൈവിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ഒന്നാം റൗണ്ടിൽ ചാണ്ടി ഉമ്മന്റെ ലീഡ് 2816 ആയിരുന്നു. രണ്ടാം റൗണ്ടിൽ 2671 ഉം മൂന്നാം റൗണ്ടിൽ 2911 ഉം നാലാം റൗണ്ടിൽ 2962 ഉം അഞ്ചാം റൗണ്ടിൽ 2989 ഉം ആയിരുന്നു ചാണ്ടി ഉമ്മന്റെ ലീഡ്.ആറാം റൗണ്ടിൽ 2515,ഏഴാം റൗണ്ടിൽ 2767 ഉം എട്ടാം റൗണ്ടിൽ 2949 ഉം വോട്ടിന്റെ മുന്നേറ്റമായിരുന്നു ചാണ്ടി ഉമ്മനുണ്ടായിരുന്നത്.ഒമ്പതാം റൗണ്ടിൽ 2806,പത്താം റൗണ്ടിൽ 3133 ഉം പതിനൊന്നാം റൗണ്ടിൽ 2510 ഉം ഭൂരിപക്ഷമുണ്ടായിരുന്നു.
72.86 ശതമാനം പേരാണ് പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയത്. ആകെ 13 റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ഒരു റൗണ്ടിൽ 14 ബൂത്തുകൾ എണ്ണിയിരുന്നു. ആകെ 182 ബൂത്തുകളാണുള്ളത്. പോസ്റ്റൽ വോട്ടിനും സർവീസ് വോട്ടിനും പിന്നാലെ അയർകുന്നം പഞ്ചായത്തിലെ വോട്ടാണ് എണ്ണിയത്. പിന്നീട് അകലക്കുന്നം, കൂരോപ്പട, മണർകാട്, പാന്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണി.
53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളംകൈയിൽ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമെന്ന് സഹോദരി അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ഇത് സമാനതകളില്ലാത്ത വിജയമാണെന്നും ഇടതുമുന്നണിയുടെ മുഖത്തേറ്റ പ്രഹരമാണ് എന്നും അവർ പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
'ഉമ്മൻചാണ്ടിക്ക് നൽകിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻചാണ്ടിക്ക് നൽകിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചതിന് ശേഷവും അതിക്രൂരമായി വേട്ടയാടി. അവരുടെ മുഖത്തുള്ള കനത്ത പ്രഹരമാണ് ഈ ഫലം. വിജയത്തിന്റെ ഇടിമുഴക്കമാണ് നമ്മൾ ഇന്നു കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങൾ ഇവിടെ വന്നപ്പോൾ തൊട്ട് ആവർത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ട്. 53 കൊല്ലം ഉമ്മൻചാണ്ടി ഇവിടെ എന്തു ചെയ്തുവെന്ന്. അതിന് പുതുപ്പള്ളി മറുപടി നൽകി. 53 കൊല്ലം ഉമ്മൻചാണ്ടി ചെയ്തതൊക്കെ ഇവിടെ മതിയെന്ന്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളംകൈയിൽ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമാണ്. സമാനതകളില്ലാത്ത വിജയമാണിതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
1970 ലാണ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കന്നിയങ്കം. കരുത്തനായ ഇഎം ജോർജിനെ മലർത്തിയടിച്ചാണ് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. പിന്നീട് പുതുപ്പള്ളിക്കാർ കണ്ടത് ഉമ്മൻചാണ്ടിയെ മാത്രമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷവും മകനെ പുതുപ്പള്ളിയുടെ അമരക്കാരനാക്കിയിരിക്കുകയാണ് പുതുപ്പള്ളിക്കാര്‍.
Adjust Story Font
16