2030ഓടെ വൈദ്യുതി വിൽക്കുന്നതിൽ മാറ്റം; പകുതിയും പുനരുപയോഗ ഊര്‍ജത്തില്‍ നിന്നാക്കും
പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍
തിരുവനന്തപുരം: 2030ഓടെ കേരളത്തിലെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ പകുതിയും പുനരുപയോഗ ഊര്‍ജത്തില്‍ നിന്നാക്കും. ഇതിനായി കൂടുതല്‍ സോളാര്‍, വിന്‍ഡ്, പമ്പ് സ്റ്റോറേജ് പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിഷ്കര്‍ഷിച്ചു. ഇടുക്കിയിലും, പള്ളിവാസലിലും പമ്പ് സ്റ്റോറേജ് പദ്ധതി തുടങ്ങാന്‍ ആലോചിച്ചെങ്കിലും കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് തുടരുകയാണ്.
പുനരുപയോഗ ഊര്‍ജത്തില്‍ നിന്ന് വാങ്ങി വില്‍ക്കാനുള്ള വൈദ്യുതിയെ റിന്യൂവബിള്‍ പര്‍ച്ചേഴ്സ് ഒബ്ളിഗേഷന്‍ ടാര്‍ഗറ്റ് എന്നാണ് പറയുന്നത്. കെഎസ്ഇബി ഉള്‍പ്പെടെയുള്ള ലൈസന്‍സികള്‍ നിശ്ചിത ശതമാനം പുനരുപയോഗ വൈദ്യുതി വില്‍ക്കണമെന്നത് നിര്‍ബന്ധമാണ്.
കഴിഞ്ഞ വര്‍ഷം കെഎസ്ഇബിക്ക് ഇത് 21.84ശതമാനമായിരുന്നു. ഈ വര്‍ഷം അത് 40 ശതമാനവും 2029-30 കാലയളവില്‍ 50 ശതമാനവുമെന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിഷ്ക്കര്‍ഷിച്ചത്. പുരപ്പുറ സോളാര്‍ പദ്ധതിയില്‍ ചില ആശങ്കകള്‍ നിലനിന്നിരുന്നെങ്കിലും ഇതിന് ഒരടിസ്ഥാനവുമില്ലെന്ന് റഗുലേറ്ററി കമ്മീഷനും സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ നെറ്റ് മീറ്ററിങ് ബില്ലിങ് രീതി തന്നെ തുടരും. കേരളത്തില്‍ മാത്രമാണ് കണക്ടഡ് ലോഡിനേക്കാള്‍ കൂടുതല്‍ ശേഷിയുള്ള സോളാര്‍ പാനല്‍ വെക്കാന്‍ ഉപഭോക്താക്കള്‍ക്ക് അനുവാദമുള്ളത്. ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം കൊണ്ടുവന്നാല്‍ സൗരോര്‍ജം ശേഖരിച്ച് രാത്രിയും ഉപയോഗിക്കാനാകും.
അതിനോടൊപ്പമാണ് പമ്പ് സ്റ്റോറേജ് പദ്ധതി. വൈദ്യുതി ഉല്‍പാദിപ്പിച്ച് പുറന്തള്ളുന്ന വെള്ളം തിരികെ ഉപയോഗിച്ച് വീണ്ടും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രീതിയാണിത്. ഇടുക്കിയില്‍ 700 മെഗാവാട്ടിന്റെയും പള്ളിവാസലില്‍ 600 മെഗാവാട്ടിന്റെയും പമ്പ് സ്റ്റോറേജ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വേണ്ടെന്ന് വെച്ചു. പിന്നീട് ഈ പദ്ധതിയുടെ ഫയലില്‍ ഒരനക്കവും ഉണ്ടായിട്ടില്ല.
Adjust Story Font
16