അൻവറിനോടുള്ള വൈരം മുഖ്യമന്ത്രി മലപ്പുറത്തോട് തീർക്കരുത്: രമേശ് ചെന്നിത്തല
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കോഴിക്കോട്: പി.വി അൻവറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോട് തീർക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അൻവറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തിൽ മലപ്പുറം ജില്ല എന്ത് പിഴച്ചു? കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലായതുകൊണ്ട് അതുവഴി നടക്കുന്ന സ്വർണക്കടത്ത് മുഴുവൻ മലപ്പുറത്തിന്റെ വിലാസത്തിൽ ചേർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൊണ്ടുവരുന്നതാണെന്നും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ് ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കിൽ അത് എന്തു കൊണ്ടാണെന്നും മുഖ്യമന്ത്രിക്കു പറയാൻ സാധിക്കണം. അല്ലാതെ ഒരു എംഎൽഎയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
Adjust Story Font
16