Quantcast

'കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള ശിപാർശ അംഗീകരിക്കരുത്'; ഗവർണക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

20-25 വർഷം വരെ തടവുശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോടു ശിപാർശ ചെയ്തത്. ഇത് പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്നും ചെന്നിത്തല പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    31 Jan 2025 10:41 AM

Chennithala against the release of Karanavar murder case accused Sherin
X

തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല ഗവർണർക്ക് കത്തയച്ചു. മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളാണ് ഷെറിൻ. തടവിൽ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിന് നാലുതവണ ജയിൽ മാറ്റിയ ഷെറിനെ മോചിതയാക്കാനുള്ള മന്ത്രസഭാ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. 25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയ്ക്കണമെന്ന് ജയിൽ ഉപദേശകസമിതികളുടെ ശിപാർശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വർഷം മാത്രം പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ആരോപിച്ചു.

കണ്ണൂർ ജയിൽ ഉപദേശകസമിതി ഡിസംബറിൽ നൽകിയ ശിപാർശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. യുഎസിൽ നിന്ന് മടങ്ങിയെത്തിയ ഭാസ്‌കര കാരണവരെ മരുമകളും മൂന്ന് ആൺസുഹൃത്തുക്കളും ചേർന്നാണ് 2009 നവംബർഎട്ടിനു കൊലപ്പെടുത്തിയത്. 2010 ജൂൺ 11ന് മാവേലിക്കര അഡിഷണൽ ആൻഡ് സെഷൻസ് കോടതി പ്രതികൾക്ക് മൂന്ന് ജീവപര്യന്തം കഠിന തടവ് ശിക്ഷിച്ചു. കഴിഞ്ഞ 14 വർഷങ്ങൾക്കിടെ 500 ദിവസത്തോളം ഷെറിന് പരോൾ അനുവദിച്ചിരുന്നു. അതിനിടെയാണ് മുൻഗണനകൾ ലംഘിച്ച് ഷെറിന്റെ ജയിൽമോചനത്തിനുള്ള മന്ത്രിസഭാ ശിപാർശ വന്നത്. ഇതു മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

20-25 വർഷം വരെ തടവുശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോടു ശിപാർശ ചെയ്തത്. ഇത് പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെതിരേ കാരണവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. കുറ്റവാളികളും രാഷ്ട്രീയ ഉന്നതരും തമ്മിലുള്ള ഗൂഢ ബന്ധത്തിന്റെ മറവിലാണ് കണ്ണൂർ വനിതാ ജയിൽ ഉപദേശകസമിതി ഷെറിനെ വിട്ടയക്കാൻ ശിപാർശ ചെയ്തത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കടക്കം ഈ ഇളവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ശിപാർശകൾക്ക് ഗവർണർ അംഗീകാരം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനവും നിയമവ്യവസ്ഥക്ക് വെല്ലുവിളിയുമാകുമെന്നു മാത്രമല്ല 58 വെട്ടേറ്റ് കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരൻ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർക്കും പുറത്തിറങ്ങാൻ അവസരമൊരുക്കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ പ്രതിക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും ഷെറിനെ വെറുതെ വിടാനുള്ള ഫയലിൽ ഒപ്പിടരുതെന്നും ഗവർണർക്കു നൽകിയ കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.

TAGS :

Next Story