Quantcast

ചെന്താമര ആലത്തൂര്‍ ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍

തെറ്റ് ചെയ്ത തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയില്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    29 Jan 2025 2:01 PM

Published:

29 Jan 2025 12:11 PM

ചെന്താമര ആലത്തൂര്‍ ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍
X

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ചെന്താമര കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രതിയെ ആലത്തൂര്‍ സബ് ജയിലിലേയ്ക്ക് കൊണ്ടുപോയി.

വൈദ്യപരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് 4.45 ഓടെയാണ് ചെന്താമരയെ ആലത്തുര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയല്‍ ഹാജരാക്കിയത്. കൊലപാതകത്തിനായി ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊടുവാള്‍ വാങ്ങിയിരുന്നു. പൂര്‍വ്വ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്. തന്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നെന്നും ഇയാള്‍ പുറത്തിറങ്ങിയാല്‍ നാടിന് മുഴുവന്‍ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി.

തെറ്റ് ചെയ്ത തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയില്‍ ചെന്താമരയുടെ ആവശ്യം. നൂറ് വര്‍ഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകള്‍ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും ചെന്താമര വ്യക്തമാക്കി. മകളുടെയും മരുമകന്റെയും മുന്നിൽ തലകുനിക്കാനാവില്ലെന്നും ചെന്താമര പറഞ്ഞു. പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും ചെന്താമരയില്‍ നിന്ന് അയല്‍വാസികള്‍ക്ക് തുടര്‍ച്ചയായി വധഭീഷണി നേരിടേണ്ടി വന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ചെന്താമര നടത്തിയ ഇരട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ആയുധം നേരത്തെ വാങ്ങി കൈവശം കരുതി. വിഷം കഴിച്ചെന്ന് വരുത്താനാണ് വീട്ടില്‍ വിഷകുപ്പി വെച്ചത്. സിനിമയെ വെല്ലുന്ന നാടകീയതയിലൂടെയാണ് ചെന്താമരയെ പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. രാത്രി പത്തരയോടെ കൂടിയാണ് ചെന്താമര പിടിയിലാകുന്നത്. പ്രതി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടെന്ന് സൂചന ലഭിച്ചതോടെ പൊലീസ് നീക്കം വേഗത്തിലാക്കി. പ്രതിയെ മാട്ടായി ഭാഗത്ത് കണ്ടെത്തിയെന്ന് വിവരം ലഭിച്ചതോടെ കാടടക്കി പരിശോധന. ഒടുവില്‍ വിശപ്പ് സഹിക്കാതെ മലയിറങ്ങി വീട്ടിലേക്ക് വന്ന ചെന്താമരയെ പൊലീസ് പിടികൂടി. പൊലീസ് നീക്കങ്ങള്‍ സൂക്ഷമായി ചെന്താമര നിരീക്ഷിച്ചു. അതുകൊണ്ടാണ് രണ്ടുദിവസം ഒളിവില്‍ കഴിയാനായത്. വൈരാഗ്യമാണ് കൊലക്ക് കാരണം.

TAGS :

Next Story