രാഷ്ട്രീയ ആത്മഹത്യ, തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല; കെ.വി തോമസിനെതിരെ ചെറിയാന്‍ ഫിലിപ്പ്
സി.പി.എമ്മിന്‍റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുതെന്ന് കെ.വി തോമസിനോട് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു
പാര്‍ട്ടി വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനൊരുങ്ങുന്ന കെ.വി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. തോമസിന്‍റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
സി.പി.എമ്മിന്‍റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുതെന്ന് കെ.വി തോമസിനോട് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.എം. യൗവ്വനം മുതൽ ഇ.എം.എസ് ഉൾപ്പെടെയുള്ളവർ തന്നെ സി.പി. എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ 20 വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്‍റെ ജനാധിപത്യ സംസ്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി.പി.എമ്മിന്‍റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
സി.പി.എം സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇന്ന് രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കെ.വി തോമസ് അറിയിച്ചത്. ഹൈക്കമാൻഡ് വിലക്ക് മറികടന്നായിരുന്നു തോമസിന്‍റെ പ്രഖ്യാപനം. തൊട്ടുപിന്നാലെ തോമസിനെ കൈവിടില്ലെന്ന് പ്രഖ്യാപിച്ച് സി.പി.എമ്മും രംഗത്തെത്തുകയും ചെയ്തു.
Adjust Story Font
16