അണിയറ രഹസ്യങ്ങളും വിഭാഗീയതയും പുറത്തേക്ക്; വീണ്ടും പേനയെടുത്ത് ചെറിയാന്‍ ഫിലിപ്പ്
വിവിധ രാഷ്ട്രീയ കക്ഷികളിലെ അന്തര്‍നാടകങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകത്തിന് 'ഇടതും വലതും' എന്നാണ് ചെറിയാന്‍ ഫിലിപ്പ് പേരിട്ടിരിക്കുന്നത്.
കേരളത്തിന്‍റെ രാഷ്ട്രീയചരിത്രത്തിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും പുതിയ പുസ്തകത്തിലൂടെ പുറത്ത് കൊണ്ടുവരുമെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. വിവിധ രാഷ്ട്രീയ കക്ഷികളിലെ അന്തര്‍നാടകങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകത്തിന് 'ഇടതും വലതും' എന്നാണ് പേരിട്ടിരിക്കുന്നത്.
രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ചെറിയാന്‍ ഫിലിപ്പ് വീണ്ടും പുസ്തകരചനയിലേക്ക് കടക്കുന്നതെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനം. രാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പിന്‍റെ പേരായിരുന്നു സി.പി.എം ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത് എന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജ്യസഭയിലേക്കുള്ള സി.പി.എം പ്രതിനിധികളെ പ്രഖ്യാപിച്ചപ്പോള്‍ ചെറിയാന്‍ ഫിലിപ്പിന്‍റെ പേരുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസിനെയും, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ഡോ വി ശിവദാസനെയുമാണ് സി.പി.ഐ.എം രാജ്യസഭയിലേക്ക് പരിഗണിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് പുതിയ പുസ്തകം എഴുതാന്‍ പോകുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വരുന്നത്. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പുസ്തകത്തിലൂടെ പ്രതിപാദിക്കുമെന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ആദ്യകാലത്ത് കോണ്‍ഗ്രസിലായിരിക്കെ എ.കെ ആന്‍റണിയുടേയും ഉമ്മന്‍ ചാണ്ടിയും വിശ്വസ്തരില്‍ ഒരാളായിരുന്ന ചെറിയാന്‍ ഫിലിപ്പ് പിന്നീട് കോണ്‍ഗ്രസ് വിട്ട് ഇടത് പാളയത്തിലെത്തുകയായിരുന്നു. കോണ്‍ഗ്രസ് വിട്ട് വന്നതിന് ശേഷം മൂന്ന് തവണ ഇടത് സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം.
ഏഴിൽപരം പുസ്തകങ്ങൾ രചിച്ചിട്ടുള്ള ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രധാന പുസ്തകം 'കാല്‍ നൂറ്റാണ്ട്' ആണ്. കേരളപ്പിറവിക്കു ശേഷമുള്ള 25 വർഷക്കാലത്തെ കേരള രാഷ്ട്രീയം അവലോകനം ചെയ്യുന്ന 'കാൽനൂറ്റാണ്ട്' രാഷ്ട്രീയ തിരനാടകങ്ങള്‍ അനാവരണം ചെയ്ത പുസ്തകം കൂടിയാണ്.
ചെറിയാന്‍ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
'ഇടതും വലതും ' -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും.
നാല്പതു വർഷം മുൻപ് ഞാൻ രചിച്ച 'കാൽ നൂറ്റാണ്ട് ' എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്.
ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആൻ്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.
ഈ പുസ്തകത്തിൻ്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.
ഇടതും വലതും - എന്നായിരിക്കും ചരിത്ര പുസ്തകത്തിൻ്റെ തലക്കെട്ട്.
Adjust Story Font
16