രാജ്യസഭാ സ്ഥാനാർഥിയാകാൻ യോഗ്യൻ ചെറിയാൻ ഫിലിപ്പ്: കൊടിക്കുന്നിൽ സുരേഷ്
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷവും ജി 23 യോഗം ചേർന്നത് തെറ്റാണെന്ന് എംപി പ്രതികരിച്ചു
ചെറിയാൻ ഫിലിപ്പ് രാജ്യസഭാ സ്ഥാനാർഥിയാകാൻ യോഗ്യനെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. താനുൾപ്പെടെയുള്ള നേതാക്കൾ ചെറിയാൻ ഫിലിപ്പിന്റെ പിന്മുറക്കാരാണ്. കോൺഗ്രസ് സീറ്റിൽ മത്സരിക്കാൻ ചെറിയാന് അവസരം ലഭിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് മീഡിയവണിനോട് പറഞ്ഞു.
എന്നാൽ കെപിസിസി നേതൃത്വത്തിന്റെ അഭിപ്രായം കേട്ട ശേഷം കോൺഗ്രസ് ഹൈക്കമാന്റാണ് രാജ്യസഭാ സീറ്റിലേക്ക് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് കെ മുരളീധരൻ കത്തയച്ചു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം വേണമെന്നും തോറ്റവർ അതതു മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെ എന്നും രാജ്യസഭയിൽ ക്രിയാത്മകമായി ചർച്ചകളിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും മുരളീധരൻ കത്തിൽ പറയുന്നു.
എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷവും ജി 23 യോഗം ചേർന്നത് തെറ്റാണെന്ന് എംപി പ്രതികരിച്ചു. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്നാണ് ആഗ്രഹമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
Adjust Story Font
16