Quantcast

'വീടിന്‍റെ പാലുകാച്ചല്‍ കഴിഞ്ഞ് ഒരുമാസം മുമ്പാണ് പോയത്'; നാടിന് നോവായി വിഷ്ണുവിന്‍റെ വിയോഗം

ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ ഇന്നലെ വൈകുന്നേരം നടന്ന കുഴി ബോംബ് ആക്രമണത്തിലാണ് വിഷ്ണു വീരമൃത്യു വരിച്ചത്

MediaOne Logo

Web Desk

  • Published:

    24 Jun 2024 1:43 AM GMT

Two CRPF soldiers killed in Maoist IED attack in Sukma,Naxal Attack,Vishnu,latest malayalam news,ഛത്തീസ്ഗഡ് , മാവോയിസ്റ്റ് ആക്രമണം, വീരമൃത്യു , മലയാളി ജവാൻ വിഷ്ണു
X

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിച്ചേക്കും. സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ ജവാൻമാരായിരുന്ന വിഷ്ണുവും ശൈലേന്ദ്രയും ഇന്നലെയാണ് മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തിൽ മരിച്ചത്.

10 വർഷത്തെ സൈനിക സേവന കാലത്തുടനീളം വിഷ്ണുവിന്റെ മനസ്സിൽ ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു വീട് വയ്ക്കണം. കഴിഞ്ഞ മാസം ആറാം തീയതി ആ സ്വപ്നം സാക്ഷാത്കരിച്ചു.വിഷ്ണു സ്വന്തമായൊരു വീട് വച്ചു. വീടിന്‍റെ പാലുകാച്ചൽ ചടങ്ങും നടത്തി. ജീവിതത്തിൽ താൻ കണ്ട ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ നിർവൃതിയോടെ സൈന്യത്തിലേക്ക് മടങ്ങി പോയിട്ട് ഇന്ന് ഒരു മാസം പിന്നിടാനിരിക്കവെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തികൊണ്ട് വിഷ്ണുവിന്റെ മരണവാർത്ത എത്തുന്നത്.

ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ ഇന്നലെ വൈകുന്നേരം നടന്ന മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തിലാണ് വിഷ്ണു വീരമൃത്യു വരിച്ചത്. സിൽഗർ സേനാ ക്യാമ്പിൽ നിന്നും ടേക്കൽഗുഡാമിലെ ക്യാമ്പിലേക്ക് ട്രക്കിൽ സാധനവുമായി പോകവെയായിരുന്നു ആക്രമണം. വിഷ്ണുവും ഒപ്പം ഉണ്ടായിരുന്ന കോൺസ്റ്റബിൾ ശൈലേന്ദ്രയും വീരമൃത്യു വരിച്ചു.

അതേസമയം, വിഷ്ണുവിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിച്ചേക്കുമെന്ന് സേനാംഗങ്ങൾ അറിയിച്ചതായി കുടുംബം പറഞ്ഞു. പാലോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരന്റേയും അജിതയുടേയും മകനാണ് അന്തരിച്ച വിഷ്ണു. ഭാര്യ നിഖില തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിൽ നഴ്സാണ്. നിർദേവ്, നിർവിൻ എന്നിവരാണ് മക്കള്‍.


TAGS :

Next Story