Quantcast

ഐഎഎസ് ചേരിപ്പോരിൽ എന്‍. പ്രശാന്തിനെതിരെ നടപടിക്ക് ശിപാർശ; ചട്ടലംഘനം നടത്തിയെന്ന് ചീഫ് സെക്രട്ടറി

പൊതുസമൂഹത്തിനു മുന്നിലുള്ള വിഷയമായതിനാല്‍ പ്രശാന്തില്‍നിന്ന് വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 Nov 2024 12:54 PM GMT

N Prasanth IAS mocks suspension order, says freedom of expression is everyones right, Kerala IAS row, Kerala IAS officers tussle
X

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ വിഴുപ്പലക്കലിൽ നടപടിക്കു ശിപാർശ നൽകി ചീഫ് സെക്രട്ടറി. അഡിഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ എൻ. പ്രശാന്ത് ഐഎഎസ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ വിമർശനം ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും.

സംഭവത്തിൽ വിശദീകരണം തേടേണ്ട ആവശ്യം പോലുമില്ലെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. പ്രശാന്തിന്റെ വിമർശനം പൊതുസമൂഹത്തിനു മുന്നിലുള്ളതാണെന്നാണ് ഇതിനു ന്യായമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വസ്തുതാ റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയത്.

കഴിഞ്ഞ ദിവസമാണ് കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് എ ജയതിലകിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പ്രശാന്തിന് ഉന്നതിയുടെ ചുമതലയിലുണ്ടായിരുന്ന സമയത്ത് ജോലികൾ കൃത്യമായി നിർവഹിച്ചില്ലെന്ന തരത്തിൽ ജയതിലക് സർക്കാരിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയായിരുന്നു പരസ്യവിമർശനങ്ങൾ. പ്രശാന്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ ആലോചിക്കുന്നതിനിടയിലാണ് ജയതിലകിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

സർക്കാരിന്റെയോ സർക്കാരിന്റെ നയങ്ങളെയോ വിമർശിക്കരുത് എന്നാണ് ചട്ടം. ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുത് എന്നല്ലെന്നാണ് ഇന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പ്രശാന്ത് കുറിച്ചത്. ഒരുപാട് കീഴുദ്യോഗസ്ഥരുടെ ജീവിതം ജയതിലക് നശിപ്പിച്ചിട്ടുണ്ട്. ഇതിന് അന്ത്യം ഉണ്ടാക്കാനാണ് തന്റെ വാശി എന്നാണ് പോസ്റ്റിൽ പ്രശാന്ത് പറയുന്നത്.

അതിനിടെ പ്രശാന്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്തുവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് അനുകൂലമായി പ്രശാന്ത് രാഷ്ട്രീയഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണ് ആഴക്കടൽ മത്സ്യബന്ധന കരാർ എന്നാണ് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. യുഡിഎഫിന് വേണ്ടി വിടുപണി ചെയ്യുന്നയാളാണ് പ്രശാന്ത് എന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.

മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്ന ഫേസ്ബുക്ക് കമന്റിലെ ചോദ്യത്തിന് അതാരാണെന്ന ചോദ്യമാണ് പ്രശാന്ത് ഉന്നയിച്ചത്. ഇതിന് പിന്നാലെ പ്രശാന്തിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസകിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാർ രംഗത്തെത്തി. കോഴിക്കോട് കലക്ടർ ആയിരിക്കെ ഫണ്ട് മാറ്റി പ്രശാന്ത് കാർ വാങ്ങിയെന്നാണ് ഗോപകുമാറിന്റെ ആരോപണം. ഈ റിപ്പോർട്ട് തയാറാക്കിയ അഡീഷണൽ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

Summary: Chief Secretary recommends action against N Prasanth IAS in open criticism against additional chief secretary A Jayathilak

TAGS :

Next Story