ക്രിസ്ത്യാനികള്‍ക്ക് കാവിപ്പാര്‍ട്ടിയുടെ ഡി.എന്‍.എ അറിയാം, അവര്‍ ബി.ജെ.പിക്കൊപ്പം പോകില്ല: കെ.സി വേണുഗോപാല്‍
കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമുണ്ടെന്ന ആരോപണങ്ങളും വേണുഗോപാല്‍ തള്ളി
K C Venugopal
തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ നീക്കം വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ക്രിസ്ത്യാനികള്‍ക്ക് കാവിപ്പാര്‍ട്ടിയുടെ ഡി.എന്‍.എ അറിയാം. അവര്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വേണുഗോപാലിന്‍റെ പ്രതികരണം.
"ക്രിസ്ത്യാനികളെയും അവരുടെ പള്ളികളെയും ലക്ഷ്യമിട്ട് ബി.ജെ.പി രാജ്യത്താകമാനം ആക്രമണങ്ങള്‍ നടത്തുകയാണ്. ഞാന്‍ ഇക്കാര്യം നിരവധി തവണ പാര്‍ലമെന്‍റില്‍ ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ബി.ജെ.പിക്കൊപ്പം പോകുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് കാവിപ്പാര്‍ട്ടിയുടെ ഡി.എന്‍.എ അറിയാം"- കെ.സി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമുണ്ടെന്ന ആരോപണങ്ങളും വേണുഗോപാല്‍ തള്ളി. 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 80 സീറ്റിലും ജെ.ഡി.എസ് 37 സീറ്റിലുമാണ് വിജയിച്ചത്. എന്നിട്ടും തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ജെ.ഡി.എസിന് നല്‍കി. പിന്നെ എങ്ങനെ കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമുണ്ടെന്ന് പറയാന്‍ കഴിയുമെന്ന് വേണുഗോപാല്‍ ചോദിച്ചു.
രാജ്യത്തിന്റെ വലിയ താൽപ്പര്യങ്ങൾക്കായി കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും കേ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. പ്രതിപക്ഷ പാർട്ടികളെ പിളർത്താന്‍ നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുകയാണെന്ന് എന്‍.സി.പിയിലെ അഭിപ്രായവ്യത്യാസത്തെ കുറിച്ചുള്ള ചോദ്യത്തിന് വേണുഗോപാല്‍ മറുപടി നല്‍കി. എൻ.സി.പിയുടെ ഏറ്റവും ഉയർന്ന നേതാവാണ് ശരദ് പവാർ. പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എൻസിപി പ്രവർത്തകർ ശരദ് പവാറിനൊപ്പമാണെന്ന് ഉറപ്പുണ്ട്. എല്ലാ പാർട്ടികളും പരസ്പരം ആശയങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിലെ സഖ്യം തുടരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പ് കോൺഗ്രസിന് മാത്രമല്ല, രാജ്യത്തിന് തന്നെ പ്രധാനമാണ്. ബി.ജെ.പി ജനാധിപത്യ സംവിധാനങ്ങളെ നഗ്നമായി അട്ടിമറിച്ചതിനാൽ രാജ്യം ഇപ്പോൾ അസാധാരണമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. അഴിമതി നിറഞ്ഞ ബി.ജെ.പി സർക്കാര്‍ ജനങ്ങൾക്ക് മടുത്തു. കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങി എല്ലാവരും അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെ കുറിച്ച് ആശങ്കാകുലരാണ്. സര്‍വെകള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു.
യു.പി.എ സർക്കാർ 2011ൽ ജാതി സെൻസസ് നടത്തി. എന്തുകൊണ്ട് ബി.ജെ.പി അത് പ്രസിദ്ധീകരിക്കുന്നില്ല? അല്ലാത്തപക്ഷം അവർ പുതിയ ജാതി സെൻസസ് നടത്തട്ടെ. കർണാടകയിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ സംവരണ നയം മാറ്റി. അത്തരം മാറ്റങ്ങൾ കൃത്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അവർ ഒബിസി ക്ഷേമത്തെക്കുറിച്ച് സംസാരിക്കുകയും രാഹുൽ ഗാന്ധിയെ അതിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയും ചെയ്തു. ആത്മാർത്ഥതയുടെ ഒരു കണിക എങ്കിലുമുണ്ടെങ്കില്‍ 2011ലെ ഡാറ്റ പുറത്തുവിടണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Adjust Story Font
16