മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ രാജ്യത്തെ മുറിവേൽപ്പിക്കും: കാന്തപുരം
‘ആപത്കരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നീതിന്യായ വ്യവസ്ഥയും നിയമപാലകരും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്’
കാന്തപുരം
കോഴിക്കോട്: മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കൽപ്പത്തിനും ഒരുമക്കും മുറിവേൽപ്പിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ആരാധനാലയങ്ങൾ തൽസ്ഥിതിയിൽ സംരക്ഷിക്കപ്പെടാനും വർഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും തയാറാവണമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
ഇന്ത്യയിലെ മതസൗഹാർദത്തിന്റെയും സൂഫി പാരമ്പര്യത്തിന്റെയും പ്രതീകമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന കേന്ദ്രമാണ് അജ്മീർ ദർഗ. ഇതിന് താഴെ ക്ഷേത്രമുണ്ടെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത അവകാശവാദത്തെ തുടർന്ന് ദർഗാ കമ്മിറ്റിക്കും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച കോടതിനടപടി അങ്ങേയറ്റം ആശങ്കാജനകമാണ്.
ഗ്യാൻവാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ്, സംഭൽ ഷാഹി ജുമാമസ്ജിദ് തുടങ്ങി അജ്മീർ ദർഗ ഉൾപ്പെടെയുള്ള മുസ്‌ലിം ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങളും തുടർ നടപടികളും രാജ്യത്തെ സൗഹാർദ അന്തരീക്ഷവും കെട്ടുറപ്പും തകർക്കും. ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947ലെ തത്സ്ഥിതി നിലനിർത്തണമെന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെ ആപത്കരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നീതിന്യായ വ്യവസ്ഥയും നിയമപാലകരും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
ആത്യന്തികമായി രാജ്യത്ത് വർഗീയതയുടെ തീരാമുറിവ് സൃഷ്ടിക്കാനാണ് ഇത്തരം സംഭവങ്ങൾ കാരണമാവുക. യു പിയിലെ സംഭൽ വിഷയം ഇതിന് തെളിവാണ്. ആരാധനാലയങ്ങൾ തൽസ്ഥിതിയിൽ സംരക്ഷിക്കപ്പെടാനും ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവവും സൗഹാർദവും നിലനിർത്താനും വർഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും രംഗത്തുവരണമെന്നും എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
Adjust Story Font
16