കണ്ണൂരിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ
പലതവണ വെടിയൊച്ചകേട്ടതായി നാട്ടുകാർ
കണ്ണൂർ: അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് എഎൻഎഫ് സംഘത്തിന്റെ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. പലതവണ വെടിയൊച്ചകേട്ടതായി നാട്ടുകാർ പറയുന്നു. രണ്ട് മടങ്ങ് വെടിയുതിർത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. രണ്ട് പേർക്ക് വെടിയേറ്റതായും പറയപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഉരുപ്പംകുറ്റി ഭാഗത്തേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചിട്ടുണ്ട്. തണ്ടർ ബോൾട്ടിന്റെ പരിശോധന നടക്കുന്നുണ്ടെങ്കിലും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.
നേരത്തെ വയനാട് പേര്യയിലും മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവെപ്പുണ്ടായിരുന്നു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പേരിയ ചപ്പാരത്ത് പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലെത്തിയ സായുധ മാവോയിസ്റ്റ് സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്. രാത്രി വീട്ടിലെത്തിയ സായുധ മാവോയിസ്റ്റ് സംഘം വീട്ടുകാരോട് ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തിറങ്ങവേ തണ്ടർബോൾട്ട് സംഘം വളയുകയായിരുന്നു. സംഘത്തോട് കീഴടങ്ങാനാവശ്യപ്പെട്ടെങ്കിലും വെടിയുതിർക്കുകയായിരുന്നുവെന്നും ഇതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്നും തണ്ടർബോൾട്ട് പറയുന്നു. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. അതിനിടെ, വയനാട് പേരിയയിൽ ഏറ്റുമുട്ടലിനിടെ പിടിയിലായ മാവോയിസ്റ്റുകളുടെ കസ്റ്റഡി കാലാവധി ഈ മാസം 22 വരെ നീട്ടി. ചന്ദ്രു, ഉണ്ണിമായ എന്നിവരുടെ കസ്റ്റഡിയാണ് നീട്ടിയത്. കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.
കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽനിന്ന് മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് ഒരാളെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ തമ്പിയെന്ന അനീഷ് ബാബുവാണ് പിടിയിലായത്. ഇയാളിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വയനാട്ടിൽ തിരച്ചിൽ നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
Adjust Story Font
16