നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻചിറ്റ്
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും വാദം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്രൈം ബ്രാഞ്ചിന്റെ ക്ലീൻചിറ്റ്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്കാണ് ക്ലീൻ ചിറ്റ് നൽകിയത്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ജെഎഫ്എംസിയിൽ റഫറൻസ് റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്ന് ന്യായീകരിച്ച ക്രൈംബ്രാഞ്ച് ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന വിചിത്രവാദവും മുന്നോട്ടു വെച്ചു.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷാജീവനക്കാരന്‍ സന്ദീപിനും ക്ലീന്‍ചിറ്റ് നല്‍കി കൊണ്ടാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മര്‍ദ്ദന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ കോടതി ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ച് കേസേറ്റെടുത്തു.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണ് മർദനമേറ്റത്. 2023 ഡിസംബർ 15-ന് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനു സമീപമായിരുന്നു സംഭവം.
Adjust Story Font
16