Quantcast

ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി മലപ്പുറത്തെ ഭീകരവത്കരിക്കുന്നു: ജമാഅത്തെ ഇസ്‌ലാമി

മലപ്പുറത്ത് നിന്നൊരാൾ തനിക്കും പാർട്ടിക്കും നേരെ തെളിവുസഹിതം ചില ചോദ്യങ്ങളുയർത്തിയതിന് ആ ജില്ലയെയൊന്നടങ്കം ഭീകരവത്കരിച്ച് മറികടക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അതിരുകവിഞ്ഞതാണെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    30 Sep 2024 2:34 PM GMT

CM is terrorizing Malappuram to escape allegations: Jamaat-e-Islami
X

മലപ്പുറം:സംസ്ഥാന ഭരണകൂടത്തിന്റെ ആർഎസ്എസ് ബന്ധവും മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും പുറത്ത് വന്നത് സിപിഎമ്മിനെ സംശയമുനമ്പിൽ നിർത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ സിപിഎം നേതൃത്വം പല കുതന്ത്രങ്ങളും പയറ്റികൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മലപ്പുറത്ത് പിടികൂടിയ ഹവാല പണവും സ്വർണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ളതായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഇതിന്റെ ഭാഗമായിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി.

പിടികൂടിയ പണവും സ്വർണവും ആർക്ക് വേണ്ടി വന്നതാണെന്നും ആര് കൊടുത്തയച്ചതാണെന്നും ഇതിന്റെ ഭാഗമായുള്ള പൊലീസ് കേസ് ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ പരാമർശം ആ പദവിക്ക് അനുയോജ്യമല്ലാത്തതാണ്. ഇതുവഴി മലപ്പുറം ദേശവിരുദ്ധർ താമസിക്കുന്ന പ്രദേശമെന്ന നിലക്കാവും പലരുമിനി വിലയിരുത്തുക. രാജ്യത്ത് അപരവത്കരിക്കപ്പെടുകയും ഭരണകുട വിവേചനങ്ങൾക്കും ആൾക്കൂട്ട വിചാരണക്കും വിധേയമാകുന്ന മുസ്‌ലിം ന്യൂനപക്ഷ സമുദായം കൂടുതലുളള മലപ്പുറത്തെ ഇത്തരമൊരു വേട്ടക്ക് ഇട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി ഇതുവഴി ചെയ്തിരിക്കുന്നത്. മലപ്പുറത്ത് നിന്നൊരാൾ തനിക്കും പാർട്ടിക്കും നേരെ തെളിവുസഹിതം ചില ചോദ്യങ്ങളുയർത്തിയതിന് ആ ജില്ലയെയൊന്നടങ്കം ഭീകരവത്കരിച്ച് മറികടക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അതിരുകവിഞ്ഞതാണ്. മലപ്പുറത്തിനെതിരെയുള്ള ഈ പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി അബൂബക്കർ, വൈസ് പ്രസിഡന്റ് ഹബീബ് ജഹാൻ, അഫ്‌സൽ ത്വയ്യിബ്, ബഷീർ തൃപ്പനച്ചി എന്നിവർ സംസാരിച്ചു.

TAGS :

Next Story