'സാദിഖലി തങ്ങൾക്കെതിരായ പരാമർശവും ട്രോളി ബാഗ് വിവാദവും പാലക്കാട് ഉപതെരഞ്ഞെടുപ്പില് തിരിച്ചടിയായി'; മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ സിപിഐ
'മുഖ്യമന്ത്രി സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പരാമർശം മുസ്‌ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായി.'
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ല. മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും വിമർശനമുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന സിപിഐ യോഗത്തിലാണു വിമർശനം ഉയർന്നത്. സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം മുസ്‌ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായി. ട്രോളി ബാഗ് വിവാദവും പത്രപരസ്യവും വിനയായി. വിവാദം യുഡിഎഫിൽ ഐക്യമുണ്ടാക്കിയെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. യോഗത്തിന്റെ റിപ്പോർട്ടിന് സിപിഐ ജില്ലാ കൗൺസിലും എക്‌സിക്യൂട്ടീവും അംഗീകാരം നൽകിയിട്ടുണ്ട്.
ഇ.പി ജയരാജന്റെ ആത്മകഥ എന്ന രീതിയിൽ പ്രചരിച്ച കുറിപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിനെ മോശമായി ചിത്രീകരിച്ചത് വോട്ടർമാരെ സ്വാധീനിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് കൺവൻഷനുശേഷം ഒരുതവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് നീക്കങ്ങളും ചർച്ചകളും ഘടകകക്ഷികളെ അറിയിക്കാതെയാണ് സിപിഎം മുന്നോട്ടുപോയത്. നെൽ കർഷകർക്ക് സർക്കാരിനോടുള്ള വിരോധം കർഷക വോട്ടുകൾ ലഭിക്കാത്തതിന് കാരണമായെന്നും സിപിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Summary: 'CM Pinarayi Vijayan's remarks against Sadiqali Shihab Thangal led to the consolidation of Muslim votes towards the UDF in Palakkad by-poll': CPI criticizes
Adjust Story Font
16