Quantcast

നവീൻ ബാബുവിന്റെ മരണം: ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

എഡിഎം ആത്മഹത്യ ചെയ്ത് ഒമ്പതാം ദിവസാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Updated:

    2024-10-23 11:20:45.0

Published:

23 Oct 2024 9:27 AM GMT

CM says strict action will be taken against those responsible in Naveen Babus death
X

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുതാര്യമായും സത്യസന്ധമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല. നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരമായ സംഭവമാണ്. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്യോഗസ്ഥർ സത്യസന്ധമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുമ്പോഴാണ് നവീൻ ബാബുവിന്റെ വിഷയത്തിലേക്ക് മുഖ്യമന്ത്രി കടന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ താൽപര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്രയയപ്പ് വേദിയിലെത്തി മുൻ കണ്ണൂർ ജില്ലാ പ്രസി‍ഡന്റ് പി.പി ദിവ്യ പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചതിനു പിന്നാലെ എഡിഎം ആത്മഹത്യ ചെയ്ത് ഒമ്പതാം ദിവസാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടും പി.പി ദിവ്യയുടെ മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. പൊലീസ് മനഃപൂര്‍വം ദിവ്യയെ സഹായിക്കുകയാണെന്ന ആരോപണവുമുണ്ട്. പൊലീസിനെതിരെയും വലിയ വിമർശനം നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി ആദ്യമായി പ്രതികരിക്കുന്നത്.

നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി​ ​ഗോവിന്ദനും പത്തനംതിട്ട ജില്ലാ കമ്മിറ്റിയുമടക്കം വിമർശനം അറിയിച്ച് രം​ഗത്തെത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ്‌ കമ്മീഷണർ കണ്ടെത്തിയിരുന്നു.

എന്‍ഒസി അനുവദിക്കുന്നതില്‍ നവീന്‍ ബാബു ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചെന്നതിനുള്ള തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍ഒസി നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍, ലാന്‍ഡ് റവന്യു ജോയിന്റ്‌ കമ്മീഷണര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ നടത്തുന്ന വകുപ്പുതല അന്വേഷണത്തില്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

മൊഴികള്‍ എല്ലാം എഡിഎമ്മിന് അനുകൂലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിച്ചേക്കും. എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പി.പി ദിവ്യ ഇതുവരെ ലാന്‍ഡ് റവന്യു ജോയിന്റ്‌ കമ്മീഷണർക്ക് മൊഴി നല്‍കിയിട്ടില്ല. നേരത്തെ കലക്ടറുടെയടക്കം മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും ദിവ്യ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

TAGS :

Next Story