'പാണക്കാട് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വർഗീയ പരാമർശം'; രാഹുൽ മാങ്കൂട്ടത്തിൽ
'പിആർ ഏജൻസി കെ. സുരേന്ദ്രന് എഴുതിയത് മുഖ്യമന്ത്രിക്ക് മാറിക്കൊടുത്തതായിരിക്കാം'
പാലക്കാട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വർഗീയ പരാമർശമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കെ. സുരേന്ദ്രനായി പിആർ ഏജൻസി എഴുതിയത് മുഖ്യമന്ത്രിക്ക് മാറിക്കൊടുത്തതാകാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സംഘിയാണെന്നാണ് കെ.എം ഷാജി പറഞ്ഞത്. പിണറായി വിജയൻ സംഘി ഓഫീസിൽ നിന്ന് ചൊറി കുത്തിക്കുരുക്കുന്നയാളാണ്. ചൊറി വന്നവനെ മാന്താൻ പാണക്കാട്ടേക്ക് വരുന്ന പരിപാടി എല്ലാവരും തുടങ്ങിയിട്ടുണ്ട്. ഞങ്ങളൊന്നും വെറുതെ ഇരിക്കാണെന്ന വിചാരം ഒരുത്തനും വേണ്ട. സാദിഖ് അലി തങ്ങൾ കൃത്യമായ നിലപാടുകൾ എടുത്താണ് മുന്നോട്ടുപോകുന്നത്. മെക്കിട്ട് കേറാൻ വന്നാൽ കളിക്കുന്നവന്റെ ട്രൗസർ അഴിക്കുമെന്നും കെ.എം ഷാജി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് പറഞ്ഞ് പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎയും രംഗത്തുവന്നിരുന്നു. പാണക്കാട് തങ്ങന്മാർക്ക് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
Adjust Story Font
16