ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യത്തിനെതിരെ പരാതിക്കാരി അപ്പീല്‍ നൽകും
എം.എൽ.എയ്ക്കെതിരെ കൂടുതൽ തെളിവുകളും പരാതിക്കാരി പുറത്തുവിട്ടേക്കും.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ പരാതിക്കാരി അപ്പീല്‍ നൽകും. ജാമ്യം അനുവദിച്ച കീഴ്‍ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഉടൻ അപ്പീല്‍ നൽകുക. എം.എൽ.എ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് പരാതിക്കാരിയുടെ വാദം.
എം.എൽ.എയ്ക്കെതിരെ കൂടുതൽ തെളിവുകളും പരാതിക്കാരി പുറത്തുവിട്ടേക്കും. തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞാണ് എം.എൽ.എ മുൻകൂർ ജാമ്യം നേടിയെടുത്തതെന്നാണ് പരാതിക്കാരി പറയുന്നത്. അതുകൊണ്ടു തന്നെ സർക്കാർ അപ്പീൽ നൽകിയാലും ഇല്ലെങ്കിലും വ്യക്തിപരമായി മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് പരാതിക്കാരിയുടെ തീരുമാനം.
എൽദോസ് കുന്നപ്പിള്ളിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഏഴ് മണിക്കൂറിലധികമാണ് എറണാകുളം ജില്ലയിൽ തെളിവെടുപ്പ് നടത്തിയത്. എം.എൽ.എയുടെ വീട്ടിലും കളമശേരിയിലെ സുഹൃത്തിന്റെ വീട്ടിലും എം.എൽ.എ മർദിച്ചെന്നു പറയുന്ന കളമശേരിയിലെ കടയിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി.
അതേസമയം, മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ എൽദോസ് കുന്നപ്പിള്ളിൽ മാധ്യമങ്ങളെ കാണാനുള്ള സാധ്യതയും ഉണ്ട്.
Adjust Story Font
16