സുധാകരന്റെ പേഴ്‌സണൽ അക്കൗണ്ടിലേക്ക് പണം എത്തി; കൂടുതൽ തെളിവുകളുമായി പരാതിക്കാർ
സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ള രേഖകൾ കൈമാറുമെന്നാണ് വിവരം
കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കൂടുതൽ തെളിവുകൾ പരാതിക്കാർ ഇന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറും. ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫിസിലെത്തിയാണ് തെളിവുകൾ കൈമാറുക. സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ള രേഖകൾ കൈമാറുമെന്നാണ് വിവരം. അറസ്റ്റ് സാധ്യത ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം സുധാകരൻ നടത്തുന്നുണ്ട്
കേസിൽ സുധാകരനെതിരെ കുരുക്ക് മുറുകുകയാണ്. നേരത്തെ തന്നെ സുധാകരനെതിരെ ക്രൈം ബ്രാഞ്ച് തെളിവുശേഖരണം ആരംഭിച്ചിരുന്നു. മോൻസനും പരാതിക്കാർക്കും ഒപ്പം സുധാകരൻ നിൽക്കുന്ന ചിത്രങ്ങളടക്കം ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. മോൻസന്റെ മുൻ ജീവനക്കാരുടെ മൊഴികളും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവറായ അജിത് അടക്കമുള്ള നാലുപേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
പരാതികൾ കൊണ്ടുവന്ന 25 ലക്ഷത്തിൽ നിന്ന് 10 ലക്ഷം സുധാകരൻ കൈപ്പറ്റുന്നത് കണ്ടുവെന്നാണ് മൊഴി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ മൊഴി സാധൂകരിക്കുന്ന വിവരങ്ങൾ ലഭിച്ചെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇതിന് പിന്നാലെയാണ് സുധാകരനെതിരെ കൂടുതൽ തെളിവുകൾ കൈമാറാൻ പരാതിക്കാർ ഒരുങ്ങുന്നത്. കെ സുധാകരന്റെ പേഴ്‌സണൽ ബാങ്ക് അകൗണ്ടിലേക്ക് മോൻസൻ മാവുങ്കലിന്റെയും പരാതിക്കാരുടെയും അക്കൗണ്ടുകളിൽ നിന്ന് പലപ്പോഴായി പണം കൈമാറിയിരുന്നുവെന്നാണ് പ്രധാന ആരോപണം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫീസിൽ എത്തി തെളിവുകൾ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Adjust Story Font
16