Quantcast

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; പൊലീസുകാരനെതിരെ പരാതി

കണ്ണൂർ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2024-07-16 07:34:41.0

Published:

16 July 2024 2:09 AM GMT

Complaint against policeman for filming private videos of couples and threatening them
X

കണ്ണൂർ: കണ്ണൂർ കോട്ടയിൽ പൊലീസുകാരൻ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി. കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി. സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ ഇയാൾ പണം ആവശ്യപ്പെട്ടതായി കാട്ടി കണ്ണൂർ, കൊല്ലം സ്വദേശികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

കണ്ണൂർ സിറ്റി സ്റ്റേഷനിൽ നിന്ന് ടൂറിസം വകുപ്പിലേക്ക് ഡെപ്യൂട്ടേഷനിൽ പോയ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. എട്ടുവർഷമായി കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയും കൊല്ലം സ്വദേശിയുമാണ് പരാതിക്കാർ. കോട്ട കാണാൻ എത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് പരാതി.

സുഹൃത്തായ പോലീസ് കാരന്റെ ഗൂഗിൾ പേ നമ്പർ അയച്ചു കൊടുത്താണ് ഇവരോട് പൊലീസുകാരൻ പണം ആവശ്യപ്പെട്ടത്. കൊല്ലം സ്വദേശിയിൽ നിന്ന് ആദ്യം 5000 രൂപ കൈപ്പറ്റി. തുടർന്ന് 20,000 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് ഇയാൾ സിറ്റി പോലീസ് കമ്മീഷണർക്ക് ഈമെയിൽ വഴി പരാതി നൽകിയത്. സമാന ആരോപണവുമായി കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയും സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ് ആരോപണമുയർന്നിരിക്കുന്ന ഉദ്യോഗസ്ഥൻ. നേരത്തെയും ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷണർ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story