Quantcast

പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതി; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു

പോക്‌സോ, വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയെന്നതാണ് പി.വി അൻവർ എം.എൽ.എ ചാനലിനെതിരെ നൽകിയ പരാതി

MediaOne Logo

Web Desk

  • Updated:

    2023-03-04 14:16:16.0

Published:

4 March 2023 12:30 PM GMT

പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതി; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു
X

കോഴിക്കോട്: വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ എഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. പി.വി അൻവർ എം.എൽ.എയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. പോക്‌സോ, വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയെന്നതാണ് പി.വി അൻവർ എം.എൽ.എ ചാനലിനെതിരെ നൽകിയ പരാതി. ഡി.ജി.പിക്കാണ് എം.എൽ.എ ഇതുസംബന്ധിച്ച പരാതി നൽകിയത്.

പിന്നീട് ചാനലിന്റെ കോഴിക്കോട് സ്റ്റൂഡിയോ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ പരിധിയായ വെള്ളയിൽ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചക്കാണ് പൊലീസ് ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്.

പോക്‌സോയിലെ 19, 21 എന്നീ വകുപ്പുകൾ പ്രകാരവും വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗുഢാലോചന എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാക പെൺകുട്ടി പീഡനത്തിനിരയായെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നതാണ് പോക്‌സോ കേസിലെ 19, 21 വകുപ്പുകൾ. കൂടാതെ വ്യാജവാർത്തകളുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അക്രമിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ നേതാക്കൾ പൊലീസിൽ കീഴടങ്ങി. എസ്എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, തൃപ്പുണ്ണിത്തുറ ഏരിയ സെക്രട്ടറി ബ്രഹ്മദത്ത് കെ.വി ദേവ് ജില്ലാ കമ്മിറ്റിയംഗം ശരത്ത് എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്.

ഇന്നലെയാണ് വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തിയത്. പാലാരിവട്ടത്തെ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ഓഫീസിന് മുന്നിൽ ബാനറും കെട്ടി. ഓഫീസിൽ അതിക്രമിച്ച് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story