യുഡിഎഫ് എം.എൽ.എമാർക്കെതിരെ നടപടി വേണം; മുഖ്യമന്ത്രിക്ക് പൊലീസ് അസോസിയേഷന്റെ പരാതി
നിയമസഭയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പൊലീസ് അസോസിയേഷന്റെ പരാതി.
തിരുവനന്തപുരം: യുഡിഎഫ് എം.എൽ.എമാർക്കെതിരെ കേരള പോലീസ് അസോസിയേഷൻ. എം.എൽ.എമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.
നിയമസഭയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പൊലീസ് അസോസിയേഷന്റെ പരാതി. ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് വാച്ച് ആൻഡ് വാർഡിനെതിരെ നടന്ന ആക്രമണം ഗൗരവമുള്ളതാണെന്ന് പരാതിയിൽ പറയുന്നു.
കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. നടന്നത് വാച്ച് ആൻഡ് വാർഡുമാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലാണെന്നും ചില ഉദ്യോഗസ്ഥരെ എം.എൽ.എമാരും അവരുടെ സ്റ്റാഫുകളും ചേർന്ന് മർദിച്ചെന്നും പൊലീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
കേരളാ പൊലീസ് അസോസിയേഷനെ കൂടാതെ, കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ കാണാൻ ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ മന്ത്രിയുടെ മുന്നിലും പരാതിയുമായി അസോസിയേഷൻ നേതാക്കളെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഇതിനിടെ, നിയമസഭാ മന്ദിരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സ്പീക്കർക്ക് പരാതി നൽകി. അഞ്ച് എം.എൽ.എമാർ വാച്ച് ആൻ്റ് വാർഡിന് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
Adjust Story Font
16