ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം; കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും
കോഴിക്കോട്: ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് നാളെ കോൺഗ്രസിന്റെ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും. എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്.
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവത്തിനാണ് സിപിഎം നേതൃത്വം നൽകിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. എംകെ രാഘവൻ എംപി, ഡിസിസി പ്രസിഡന്റെ പ്രവീൺ കുമാർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
വോട്ടർമാരെ കൊണ്ടുവന്ന 10 വണ്ടികൾ സിപിഎം പ്രവർത്തകർ അടിച്ചു തകർത്തെന്നും പതിനായിരത്തോളം വോർട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും എംകെ രാഘവൻ എംപി ആരോപിച്ചു. സിപിഎമ്മിന്റെ അഴിഞ്ഞാട്ടത്തിന് പൊലീസ് കൂട്ടുനിന്നെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. ജില്ലയിൽ വിവിധ ഭാഗങ്ങളിലെ സിപിഎം പ്രവർത്തകർ വ്യാജ ഐഡി ഉണ്ടാക്കി കള്ളവോട്ട് ചെയ്‌തെന്നും രാഘവൻ എംപി ആരോപണമുന്നയിച്ചു.
തങ്ങൾ ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇന്ന് വന്ന പൊലീസുകാർക്ക് ആർക്കും നെയിം ബോർഡ് ഇല്ലായിരുന്നെന്നും വോട്ടർമാരെ അടിച്ചോടിച്ച സിപിഎമ്മുകാർക്ക് പൊലീസ് സംരക്ഷണം നൽകിയെന്നും പ്രവീൺ കുമാർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പറയഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചയോടെയാണ് സംഘർഷമുണ്ടാകുന്നത്. കള്ളവോട്ട് രേഖപ്പെടുത്തുന്നു എന്നാരോപിച്ച് കോൺഗ്രസും വിമതരെ പിന്തുണച്ച് സിപിഎമ്മും രംഗത്തെത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു.
Adjust Story Font
16