Quantcast

'കുഴപ്പം മുസ്‍ലിം സമുദായത്തിനല്ല, കോൺഗ്രസിനാണ്'; ബ്ലോക്ക് പ്രസിഡന്‍റ് പട്ടികയിലെ സാമുദായിക സമവാക്യം ചോദ്യംചെയ്ത് ഇരുവിഭാഗം സമസ്ത യുവനേതാക്കൾ

'മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും പത്തനംതിട്ടയിലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസിലാകും. പക്ഷെ 37 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള കാസർകോട്ടും 32 ശതമാനം മുസ്‌ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരും'

MediaOne Logo

Web Desk

  • Updated:

    2023-06-08 15:42:47.0

Published:

8 Jun 2023 3:38 PM GMT

Samastha AP-EK factions youth leaders against communal equation in Congress block presidents list, Congress block presidents list, KPCC, Sathar Panthalloor, Muhammadali Kinalur
X

കോഴിക്കോട്: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് പട്ടികയിലെ സാമുദായിക സമവാക്യം ചോദ്യംചെയ്ത് ഇരുവിഭാഗം സമസ്തയുടെയും യുവനേതാക്കൾ. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ച ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിൽ അഞ്ചു ജില്ലകളിൽ ഒരൊറ്റ മുസ്‌ലിം പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിലായി 55 ബ്ലോക്ക് കമ്മിറ്റികളിൽ ഒരിടത്തുപോലും മുസ്‌ലിം പ്രസിഡന്റില്ലെന്ന് സമസ്ത എ.പി വിഭാഗം യുവജന നേതാവ് മുഹമ്മദലി കിനാലൂരും ഇ.കെ വിഭാഗം സമസ്ത വിദ്യാർത്ഥി നേതാവ് സത്താർ പന്തല്ലൂരും ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുന്നി വിഭാഗം നേതാക്കൾ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം നടത്തുന്നത്.

കോൺഗ്രസിന്റെ വോട്ടർമാരിൽ മുസ്ലിംകൾ മാത്രമല്ല, എല്ലാ മതക്കാരുമുണ്ട്. അത് കണ്ടറിഞ്ഞു തന്നെ സാമുദായിക സമവാക്യങ്ങൾ പരമാവധി പാലിക്കാൻ കോൺഗ്രസ് ശ്രമിക്കാറുമുണ്ട്. പക്ഷെ ചില ഘട്ടങ്ങളിൽ പാർട്ടി അത് പാടേ മറക്കുന്നു. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ച ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിൽ അഞ്ചു ജില്ലകളിൽ ഒരൊറ്റ മുസ്‌ലിം പോലുമില്ല. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിലായി 55 ബ്ലോക്ക് കമ്മിറ്റികളുണ്ട് കോൺഗ്രസിന്. അവിടെയെവിടെയും പ്രസിഡണ്ടാക്കാൻ പറ്റിയ ഒരു മുസ്‌ലിമിനെ കോൺഗ്രസിന് കണ്ടുപിടിക്കാനായില്ലെങ്കിൽ, കുഴപ്പം മുസ്ലിം സമുദായത്തിന്റേതല്ല, പാർട്ടിയുടേതാണ്-മുഹമ്മദലി കിനാലൂർ കുറ്റപ്പെടുത്തി.

കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനോട് ചോദിച്ചാൽ മുസ്‌ലിം വോട്ടർമാർ നൽകിയ പിന്തുണ അദ്ദേഹം പറഞ്ഞുതരുമെന്ന് മുഹമ്മദലി പറയുന്നു. അവിടെ 11 ബ്ലോക്ക് കമ്മിറ്റികൾക്ക് പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോൾ മരുന്നിനു പോലുമില്ല മുസ്ലിം പ്രാതിനിധ്യം. വയനാട്ടിൽ ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന നാളുകളിലും, ആറു ബ്ലോക്ക് കമ്മിറ്റികളിൽ ഒരിടത്തെങ്കിലും മുസ്‌ലിം സമുദായത്തിൽ നിന്നൊരാളെ പ്രസിഡന്റ് ആക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന് തോന്നിയില്ല. മുൻകാലങ്ങളിൽ സ്വീകരിച്ചുവന്ന മുസ്ലിം സൗഹൃദനിലപാടുകൾ കേരളത്തിലെ കോൺഗ്രസ് പാർട്ടി കൈയൊഴിയുകയാണോ എന്ന സംശയം ഇതോടെ ബലപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും പത്തനംതിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡന്റിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസിലാകും. പക്ഷെ 37 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള കാസർകോട്ടും 32 ശതമാനം മുസ്‌ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരുമെന്ന് സത്താർ പന്തല്ലൂർ പറയുന്നു. ജാതി, മത, ഗ്രൂപ്പ്, പ്രാദേശിക സമവാക്യങ്ങൾ പാലിച്ചാണ് തങ്ങൾ പുനഃസംഘടനകൾ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കർണാടകയിലടക്കം മുസ്‌ലിംകൾക്ക് രണ്ട് ചോയ്സില്ല. എന്നാൽ കേരളത്തിൽ മലബാറിനെ മാത്രമെടുത്താൽ കണ്ണൂരിലും വയനാട്ടിലും രണ്ടു വീതവും മലപ്പുറത്തും പാലക്കാട്ടും ഓരോന്നിലും കോൺഗ്രസിന്റെ നിയമസഭാ വിഹിതം ഒതുങ്ങുന്നുവെന്നും സത്താർ ചൂണ്ടിക്കാട്ടി. ഇതിലെ രാഷ്ട്രീയ സന്ദേശത്തിനു മുന്നിൽ കോൺഗ്രസ് നേതൃത്വം കണ്ണടക്കുന്നതിന്റെ കൂടി ഫലമാണ് തുടർഭരണം. വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നു പോലും പുനഃസംഘടനയിൽ നേതൃത്വം ഓർത്തില്ല. കൊണ്ടറിഞ്ഞാലും ചിലർ പഠിക്കില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ലെന്നും സത്താർ കൂട്ടിച്ചേർത്തു.

മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോൺഗ്രസിനെ കുറിച്ച് എന്താണ് ഇത്ര ആധി എന്ന ചോദ്യം പ്രതീക്ഷിക്കുന്നുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരം ആദ്യമേ പറഞ്ഞേക്കാം. കോൺഗ്രസിൽ ചില പ്രതീക്ഷകൾ ബാക്കിയുണ്ട്. അതുകൊണ്ട് കൂടിയാണ് പറയുന്നത്. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നില കോൺഗ്രസിലുണ്ട്. അതും ഇപ്പറയുന്നതിനുള്ള ഒരു ന്യായമാണ്. കേരളത്തിൽ

കോൺഗ്രസിന്റെ വോട്ടർമാരിൽ മുസ്ലിംകൾ മാത്രമല്ല, എല്ലാ മതക്കാരുമുണ്ട്. അത് കണ്ടറിഞ്ഞു തന്നെ സാമുദായിക സമവാക്യങ്ങൾ പരമാവധി പാലിക്കാൻ കോൺഗ്രസ് ശ്രമിക്കാറുമുണ്ട്. പക്ഷെ ചില ഘട്ടങ്ങളിൽ പാർട്ടി അത് പാടേ മറക്കുന്നു. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ച ബ്ലോക്ക് പ്രസിഡന്റുമാരുടെ ലിസ്റ്റിൽ അഞ്ചു ജില്ലകളിൽ ഒരൊറ്റ മുസ്‌ലിം പോലുമില്ല. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിലായി 55 ബ്ലോക്ക് കമ്മിറ്റികളുണ്ട് കോൺഗ്രസിന്. അവിടെയെവിടെയും പ്രസിഡണ്ടാക്കാൻ പറ്റിയ ഒരു മുസ്‌ലിമിനെ കോൺഗ്രസിന് കണ്ടുപിടിക്കാനായില്ലെങ്കിൽ, കുഴപ്പം മുസ്ലിം സമുദായത്തിന്റേതല്ല, പാർട്ടിയുടേതാണ്.

കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള എം.പി രാജ്മോഹൻ ഉണ്ണിത്താനോട് ചോദിച്ചുനോക്കൂ, മുസ്‌ലിം വോട്ടർമാർ നൽകിയ പിന്തുണ അദ്ദേഹം പറഞ്ഞുതരും. അവിടെ 11 ബ്ലോക്ക് കമ്മിറ്റികൾക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചപ്പോൾ മരുന്നിനു പോലുമില്ല മുസ്ലിം പ്രാതിനിധ്യം. വയനാട്ടിൽ ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന നാളുകളിലും, ആറു ബ്ലോക്ക് കമ്മിറ്റികളിൽ ഒരിടത്തെങ്കിലും മുസ്‌ലിം സമുദായത്തിൽ നിന്നൊരാളെ പ്രസിഡന്റ് ആക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന് തോന്നിയില്ല.

മുൻകാലങ്ങളിൽ സ്വീകരിച്ചുവന്ന മുസ്ലിം സൗഹൃദനിലപാടുകൾ കേരളത്തിലെ കോൺഗ്രസ് പാർട്ടി കയ്യൊഴിയുകയാണോ എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. ഇങ്ങനെയൊക്കെ ചോദിക്കുന്നത് വർഗീയമല്ലേ എന്ന് ചിന്തിക്കുന്നവരോട് ഒരു കാര്യം കൂടി:

സാമുദായിക പരിഗണനകൾ കോൺഗ്രസിൽ പുതിയ സംഗതിയല്ല. അത്തരം പരിഗണനകൾ പൂർണമായും അവസാനിപ്പിച്ചു എന്നാണെങ്കിൽ, ഇപ്പോൾ പുറത്തുവന്ന ബ്ലോക്ക് പ്രസിഡണ്ടുമാരുടെ ലിസ്റ്റ് ആ വാദം ശരിവെക്കുന്നില്ല എന്നാണ് മറുപടി.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

നീണ്ട ഇടവേളക്ക് ശേഷം താഴെതട്ടിൽ കോൺഗ്രസ് ഒരു പുനഃസംഘടന പൂർത്തിയാക്കി. 140 അസംബ്ലി മണ്ഡലങ്ങളിൽ 280 ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു. ജാതി,മത, ഗ്രൂപ്പ്, പ്രാദേശിക സമവാക്യങ്ങൾ പാലിച്ചാണ് തങ്ങൾ പുനഃസംഘടനകൾ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇത്തവണ ബ്ലോക്ക് പുനഃസംഘടിപ്പിച്ചപ്പോൾ കാസർകോട്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും ഒരുമുസ്‌ലിമില്ല.

മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസിലാകും. പക്ഷെ 37ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള കാസർകോട്ടും 32ശതമാനം മുസ്‌ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരും.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കർണ്ണാടകയിലടക്കം മുസ്ലിംകൾക്ക് രണ്ട് ചോയ്സില്ല. എന്നാൽ കേരളത്തിൽ മലബാറിനെ മാത്രമെടുത്താൽ കണ്ണൂരിലും, വയനാട്ടിലും രണ്ടു വീതവും മലപ്പുറത്തും പാലക്കാടും ഓരോന്നിലും കോൺഗ്രസിന്റെ നിയമസഭ വിഹിതം ഒതുങ്ങുന്നു. ഇതിലെ രാഷ്ട്രീയ സന്ദേശത്തിനു മുന്നിൽ കോൺഗ്രസ് നേതൃത്വം കണ്ണടക്കുന്നതിന്റെ കൂടി ഫലമാണ് തുടർഭരണം.

വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നു പോലും പുനസംഘടനയിൽ നേതൃത്വം ഓർത്തില്ല. കൊണ്ടറിഞ്ഞാലും ചിലർ പഠിക്കില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല.

Summary: Samastha AP-EK factions' youth leaders questions the communal equation in the Congress block president's list.

TAGS :

Next Story