Quantcast

കൂടുതൽ സി.പി.എം, കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലെത്തും, കേരളത്തിൽ സർക്കാർ രൂപീകരിക്കും-കെ. സുരേന്ദ്രൻ

'കോൺഗ്രസിലും ഇടതുപക്ഷത്തുമുള്ള നിരവധി നേതാക്കളെ ഞങ്ങൾ സമീപിക്കുന്നുണ്ട്. ഇത്തവണ വലിയ തോതിൽ ക്രിസ്ത്യൻ വോട്ടുകൾ പാർട്ടിക്കു ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.'

MediaOne Logo

Web Desk

  • Updated:

    2023-04-07 12:11:43.0

Published:

7 April 2023 12:10 PM GMT

CPMCongressleaderstojoinBJP, BJPtoformgovernmentinKerala, BJPChristianrelationsinKerala, KSurendran
X

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കു പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടിയിലെത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എം നേതാക്കളും പാർട്ടിയിൽ ചേരും. കേരളത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഡൽഹിയിൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ''പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കൾക്കെല്ലാം 'റോൾ മോഡലാ'ണ്. ഒരുപാട് സുപ്രധാന പദവികൾ വഹിച്ച മുതിർന്ന കോൺഗ്രസ് നേതാവാണ് എ.കെ ആന്റണി. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ മകൻ ബി.ജെ.പിയിലെത്തിയിരിക്കുന്നു. വരുംദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ്, സി.പി.എം നേതാക്കൾ ബി.ജെ.പിയിൽ ചേരും. കൂടുതൽ നേതാക്കൾ മോദിയുടെ പാത പിന്തുടരും. കേരളത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കും''-അദ്ദേഹം അവകാശപ്പെട്ടു.

'ബി.ജെ.പിയിൽ ചേർന്ന നിരവധി പ്രതിപക്ഷ നേതാക്കളിൽ ഒരാളാണ് അനിൽ ആന്റണി. പ്രതിപക്ഷ ക്യാംപിലെ വലിയ അഭ്യസ്തവിദ്യരാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേരുന്നത്. കോൺഗ്രസിലും ഇടതുപക്ഷത്തുമുള്ള നിരവധി നേതാക്കളെ ഞങ്ങൾ സമീപിക്കുന്നുണ്ട്. കഴിഞ്ഞ തവണ കേരളത്തിൽ വേണ്ടത്ര വോട്ട് ലഭിച്ചിട്ടില്ല. എന്നാൽ, ഇത്തവണ വലിയ തോതിൽ ക്രിസ്ത്യൻ വോട്ടുകൾ പാർട്ടിക്കു ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ക്രിസ്ത്യൻ സമൂഹം മോദിയുടെ പ്രവർത്തനങ്ങളിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്.'

സംസ്ഥാനത്ത് വിവിധ തരത്തിലുള്ള കാംപയിനുകൾ പാർട്ടി നടത്തുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഏപ്രിൽ ഒൻപതിന് സംസ്ഥാനത്തുടനീളം 'ഹാപ്പി ഈസ്റ്റർ ഘർഘർ ചലോ' കാംപയിൻ നടക്കും. കാംപയിനിന്റെ ഭാഗമായി ക്രിസ്ത്യൻ സമൂഹത്തെ ബി.ജെ.പിയുമായി അടുപ്പിക്കാൻ ശ്രമിക്കും. അത് ഞങ്ങളുടെ വോട്ട് ഷെയറിലും മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രിയുടെ വികസന അജണ്ടയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ഉത്ബുദ്ധരാണെന്നും സുരേന്ദ്രൻ പറഞ്ഞു. 'സബ് കാ സാത്ത്, സബ് കാ വികാസ്' ബി.ജെ.പിയുടെ വെറും മുദ്രാവാക്യമല്ല. ജനങ്ങൾക്ക് അതിൽ വലിയ വിശ്വാസമുണ്ട്. സാധാരണക്കാർ മോദിയുടെ വികസന അജണ്ടകൾ സ്വീകരിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനുമൊപ്പമാണ് അനിൽ ആന്റണി ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയത്. മന്ത്രി പിയൂഷ് ഗോയലാണ് അനിലിന് ബി.ജെ.പി അംഗത്വം നൽകിയത്. മുതിർന്ന നേതാക്കളായ തരുൺ ചുഗ്, അനിൽ ബലൂനി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Summary: "More Congress, CPM leaders to join BJP and the party will form government in kerala": claims BJP's Kerala chief K Surendran

TAGS :

Next Story