Quantcast

കെ.സുധാകരനും വി ഡി സതീശനും നടത്തിയ ജില്ലാതല പര്യടനത്തിന് കൊച്ചിയിൽ സമാപനം

താഴേ തട്ടിലുള്ള പുനഃസംഘടന ഒരാഴ്ചക്കകം പൂർത്തിയാക്കാനാണ് കെപിസിസി തീരുമാനം

MediaOne Logo

Web Desk

  • Updated:

    2023-11-12 03:52:13.0

Published:

12 Nov 2023 2:20 AM GMT

congress tour kochi
X

കൊച്ചി: കോൺഗ്രസിന് ഊർജം പകർന്ന് കെ.സുധാകരനും വി ഡി സതീശനും നടത്തിയ ജില്ലാതല പര്യടനം അവസാനിച്ചു. പ്രവർത്തകരുടെ വികാരമറിയാനായെന്നത് മാത്രമല്ല പല ജില്ലകളിലും കണിശമായ തിരുത്തലുകളും നേതൃത്വം നിർദേശിച്ചു.

രണ്ടാഴ്ച നീണ്ട പര്യടനത്തിൽ ഇരു നേതാക്കൾക്കും നന്നായി അധ്വാനിക്കേണ്ടി വന്നു എന്നാണ് മനസ്സിലാക്കേണ്ടത്. താഴേ തട്ടിലുള്ള പുനഃസംഘടന ഒരാഴ്ചക്കകം പൂർത്തിയാക്കാനാണ് കെപിസിസി തീരുമാനം. പാർട്ടിയുടെ അടിവേരിളകിയ തൃശൂർ, ആവേശമുള്ള പ്രവർത്തകരുള്ളപ്പോഴും രണ്ടായി ചേരിതിരിഞ്ഞ മലപ്പുറം അങ്ങനെ പലതരം പ്രശ്‌നങ്ങൾ നേരിടുന്ന പാർട്ടിയിലെ പ്രവർത്തകരുമായി കെ സുധാകരനും വി ഡി സതീശനും നേരിട്ട് സംവദിച്ചു. ചിലയിടത്ത് ഉപദേശം,ചിലയിടത്ത് താക്കീത്, യോഗത്തിനെത്താത്ത മുതിർന്ന നേതാക്കളെ പോലും സംഘടനാപരമായി കൈകാര്യം ചെയ്യുന്ന ഇടപെടൽ .

കോൺഗ്രസ് നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും സഹകരണ സംഘങ്ങളും നയിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ കെപിസിസി നേതൃത്വത്തിന്റെ ചൂടറിഞ്ഞു.

തൃശൂരിലെ പാർട്ടി കാര്യങ്ങൾ തീരുമാനിക്കാൻ അഞ്ചംഗസമിതി വരുന്നത് ജോസ് വള്ളൂരിന്റെ പരാജയം സമ്മതിക്കുന്നതായി. എറണാകുളം, മലപ്പുറം ഡിസിസി പ്രസിഡന്റുമാരെ സുധാകരൻ പരസ്യമായി അഭിനന്ദിക്കാനും മറന്നില്ല. സംഘടനാ അച്ചടക്കം എല്ലായിടത്തും സുധാകരൻ ഓർമിപ്പിച്ചു.

ബ്ലോക്ക് കമ്മിറ്റികളിൽ പലയിടത്തും ഭാരവാഹികളില്ല. രണ്ട് ദിവസത്തിനകം മണ്ഡലം കമ്മറ്റി ഭാരവാഹികളെയും ഒരാഴ്ചക്കുളളിൽ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെയും നിയമിക്കാനാണ് കെപിസിസി തീരുമാനം.

ഇതിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം കെ പി സി സി അധ്യക്ഷൻ ഡിസിസികൾക്ക് നൽകിയിട്ടുണ്ട്.

TAGS :

Next Story