ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്; 20 മണ്ഡലങ്ങളിലും കോർഡിനേറ്റർമാരെ നിയമിച്ചു
മുതിർന്ന നേതാക്കളെയടക്കം കോർഡിനേറ്റർമാരായി നിയമിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വേഗത്തിലാക്കുന്നത്
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയാക്കി കോൺഗ്രസ്. സംസ്ഥാനത്ത് ഹൈക്കമാൻഡ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിന് തൊട്ടുപിന്നാലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും കോർഡിനേറ്റർമാരെയും നിയമിച്ചു. ഇത് കൂടാതെ ഒരുമാസം നീണ്ടുനിൽക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയും കെ.പി.സി.സി ഈ മാസം ആരംഭിക്കും.
മുതിർന്ന നേതാക്കളെയടക്കം കോർഡിനേറ്റർമാരായി നിയമിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വേഗത്തിലാക്കുന്നത്. മുതിർന്ന നേതാവ് കെ.സി ജോസഫിനടക്കം ചുമതല നൽകിയിട്ടുണ്ട്. മാവേലിക്കരയാണ് കെ.സി ജോസഫിന്റെ കർമമണ്ഡലം. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന് ഇടുക്കിയുടെയും മുൻമന്ത്രി വി.എസ് ശിവകുമാറിന് കൊല്ലം ജില്ലയുടെയും എം. ലിജുവിന് എറണാകുളത്തിന്റെയും അജയ് തറയിലിന് ആലപ്പുഴയുടെയും ചുമതലയാണ് നൽകിയത്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ചെയർമാനായാണ് 33 അംഗ ഹൈക്കമാൻഡ് തെരഞ്ഞെടുപ്പ് സമിതിയെ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവരും സമിതിയിലുണ്ട്.
ഇത് കൂടാതെ തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ 20 വാർ റൂമുകൾ ലോക്സഭാ മണ്ഡലാടിസ്ഥാനത്തിൽ തുറക്കും. കെ.പി.സി.സിയിൽ സെൻട്രൽ വാർ റൂമും പ്രവർത്തിക്കും. ഇത് കൂടാതെയാണ് ഈ മാസം 21-ന് 'സമരാഗ്നി' എന്ന രാഷ്ട്രീയ പ്രചാരണ ജാഥ കെ.പി.സി.സി ആരംഭിക്കുന്നത്. കെ. സുധാകരനും വി.ഡി സതീശനും നയിക്കുന്ന യാത്ര എല്ലാ നിയമസഭാ മണ്ഡലങ്ങളെയും തൊടും. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. വണ്ടിപ്പെരിയാർ ഉയർത്തിക്കാട്ടി സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും പ്രചാരണമുണ്ടാകും. ഇതിനൊപ്പം യുവജന, പോഷക സംഘടനകളെ രംഗത്തിറക്കി സർക്കാരിനെതിരായ തുടര്‍ പ്രക്ഷോഭ പരിപാടികളും ഉണ്ടാകും.
Adjust Story Font
16