ലീഗ് എം.എൽ.എ കേരള ബാങ്ക് ഡയറക്ടർ; സ്ഥാനം ഏറ്റെടുത്തതിൽ കോൺഗ്രസിന് അതൃപ്തി
യു.ഡി.എഫിൽ ചർച്ച ചെയ്യാതെ തീരുമാനം എടുത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് അഭിപ്രായമുള്ള നേതാക്കളും ഉണ്ട്
കേരള ബാങ്ക് ഡയറക്ടറായി മുസ്‌ലിം ലീഗ് നേതാവ് പി. അബ്ദുൽ ഹമീദ് എം.എൽ.എ സ്ഥാനം ഏറ്റെടുത്തതിൽ കോൺഗ്രസിന് കടുത്ത അതൃപ്തി. യു.ഡി.എഫിൽ ചർച്ച ചെയ്യാതെ തീരുമാനം എടുത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് അഭിപ്രായമുള്ള നേതാക്കളും ഉണ്ട്. കേരള ബാങ്കിൽ ലയിക്കുന്നതിന് എതിരായ നിയമപോരാട്ടങ്ങൾ ദുർബലപ്പെടുമെന്ന് ലീഗ് സഹകാരികൾക്കും ആശങ്കയുണ്ട്. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.
സഹകരണത്തിലെ സഹകരണം മാത്രമാണെന്നും, മറ്റ് രാഷ്ട്രീയ പ്രാധാന്യമില്ലെന്നുമാണ് മുസ്ലീം ലീഗ് നേതാക്കൾ വിശദീകരിച്ചത്. എന്നാൽ നയപരമായ തീരുമാനം എടുക്കാൻ ലീഗിന് കോൺഗ്രസിന്റെ സമ്മതം വാങ്ങേണ്ട ഗതികേട് ഇല്ലെന്ന എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവന കോൺഗ്രസിന്റെ അതൃപ്തിയുടെ ആഴം വർധിപ്പിക്കുന്നു. കോൺഗ്രസുമായോ , യു.ഡി.എഫിലോ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നാണ് യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ് മോഹന്റെ പ്രതികരണം.
സി.പി.എമ്മുമായി മുസ്‌ലിം ലീഗ് നേതൃത്വം അടുക്കുന്നു എന്ന ചർച്ചകൾക്കിടെ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ എത്തിയതിൽ കോൺഗ്രസിന് ആശങ്കയുണ്ട്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കുന്നതിന് എതിരെ യു.ഡി.എഫ് നിയമ പോരാട്ടം തുടരുകയാണ്. അബ്ദുൽ ഹമീദ് എം.എൽ.എ കേരള ബാങ്ക് ഡയറക്ടറായതോടെ കേസ് ദുർബ്ബലപെടുമെന്ന് ലീഗിന്റെ സഹകാരികളും ആശങ്കപെടുന്നു
Adjust Story Font
16