'മറുനാടൻ മലയാളി'യെ ശ്വാസംമുട്ടിക്കാൻ സർക്കാർ ശ്രമിക്കുന്നു-ചെന്നിത്തല
'നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത മാധ്യമപ്രവർത്തകരുടെ മേൽ കുതിരകയറുകയും അവരെ നിശബ്ദമാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്'
കോഴിക്കോട്: 'മറുനാടൻ മലയാളി'യെ ശ്വാസംമുട്ടിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത മാധ്യമവേട്ടയാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഏഷ്യാനെറ്റ് ലേഖിക അഖില ഒരു വാർത്ത റിപ്പോർട്ട് ചെയ്യുകയാണുണ്ടായത്. നേരത്തെ വിനു വി. ജോൺ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ഇപ്പോൾ ഏറ്റവും അവസാനമായി 'മറുനാടൻ മലയാളി'യെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയാണ്. 'മറുനാടൻ മലയാളി'യുടെ വാർത്തകൾക്കെതിരെ പരാതിയുണ്ടെങ്കിൽ അതിനെ നിയമപരമായാണ് നേരിടേണ്ടത്. അതിനു പകരം അവരെ ശ്വാസംമുട്ടിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കം കേരളം പോലുള്ള സംസ്ഥാനത്ത് ഒരിക്കലും അനുവദിച്ചുകൊടുക്കാനാകില്ല-ചെന്നിത്തല വ്യക്തമാക്കി.
മാധ്യമങ്ങൾ ഞങ്ങളെയൊക്കെ വിമർശിക്കാറുണ്ട്. ആ സമയത്ത് അവരെ കല്ലെറിയാനും അവരെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനുമുള്ള ഒരു നീക്കവും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പുതിയൊരു സംസ്‌കാരം കേരളത്തിൽ വളർത്തിയെടുക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത മാധ്യമവേട്ടയാണ് ഇപ്പോൾ നടക്കുന്നത്. സർക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മയും പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള നീക്കമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. മാധ്യമപ്രവർത്തകരുടെ പേരിൽ കേസെടുക്കാൻ നിന്നാൽ അവരെങ്ങനെ പ്രവർത്തിക്കും. വാർത്തകൾ റിപ്പോർട്ട് ചെയ്യുകയാണ് മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ അവരുടെ പേരിൽ കേസെടുക്കുകയാണ് പൊലീസും സർക്കാരും. ഇത് കേരളത്തിൽ ആദ്യമായാണ്. ഏതു വാർത്തയും റിപ്പോർട്ട് ചെയ്യാനുള്ള അവകാശവും അധികാരവും മാധ്യമപ്രവർത്തകർക്കുണ്ട്.''
''സർക്കാരിന്റെ അഴിമതിയും കൊള്ളയും മാർക്ക് തട്ടിപ്പും വ്യാജ നിയമനവുമെല്ലാം പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടാനുള്ള സർക്കാരിന്റെ നീക്കം അപകടകരമാണ്. ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. മാധ്യമപ്രവർത്തകരാണ് ജനങ്ങളെ കൂടുതൽ വിവരങ്ങൾ അറിയിക്കുന്നത്. സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകൾ മറച്ചുവയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താനായി ഇപ്പോൾ കേരളത്തിൽ നടക്കുന്ന നീക്കം.''
മുഖ്യമന്ത്രിക്ക് ഹിതകരമല്ലാത്ത വാർത്തകൾ വരുമ്പോൾ മാധ്യമങ്ങളെ പഴിക്കുകയും അവരെ നിലയ്ക്കു നിർത്താൻ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിലെ മാധ്യമവേട്ടയെക്കുറിച്ച് സംസാരിക്കുമ്പോൾ കേരളത്തിലെ സ്ഥിതിയെക്കുറിച്ച് മിണ്ടുന്നില്ല. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത മാധ്യമപ്രവർത്തകരുടെ മേൽ കുതിരകയറുകയും അവരെ നിശബ്ദമാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Summary: Congress leader Ramesh Chennithala alleges that the Kerala state government is trying to suppress 'Marunadan Malayali'.
Adjust Story Font
16