ഇ. ശ്രീധരന്റെ കെ റെയിൽ ബദൽ; സി.പി.എം - ബി.ജെ.പി ഡീലെന്ന് കോൺഗ്രസ്
രണ്ടുദിവസം കൊണ്ടുണ്ടായ പദ്ധതിയുടെ പിന്നിൽ ഗുരുതര ഗൂഢാലോചന നടന്നിട്ടുണ്ടെന്നു കെ.സി വേണുഗോപാൽ
തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ട് വെച്ച സിൽവർ ലൈനിന് ബദലായുള്ള പദ്ധതി സംസ്ഥാന സർക്കാർ സജീവമായി പരിഗണക്കുന്നതിന് പിന്നിൽ ദൂരൂഹതയെന്ന വാദവുമായി കോൺഗ്രസ്. സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീലിന്റെ ഭാഗമാണിതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു.
സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിലിനെതിരെ കടുത്ത ജനകീയ പ്രതിരോധം ഉയർന്നിരുന്നു. മറുവശത്ത് കേന്ദ്ര സർക്കാരും മുഖം തിരിച്ചതോടെ പിണറായി വിജയൻ സർക്കാരിന് സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകാനാകാത്ത സാഹചര്യമുണ്ടായി. ഇതിനിടയിലാണ് പൊടുന്നനെയുള്ള കെ.വി തോമസ്- ഇ. ശ്രീധരൻ കൂടിക്കാഴ്ചയും ബദൽ നിർദേശവും ഉണ്ടായത്. ഇതിനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേഗത്തിൽ അനുകൂലമായി പ്രതികരിച്ചു. ഇതോടെയാണ് നീക്കങ്ങളിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസിന്റെ രംഗ പ്രവേശനം.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം സമർപ്പിച്ച ബദൽ നിർദേശവും ബി.ജെ.പിയും തമ്മിൽ എന്താണ് ബന്ധമെന്നാണ് കോൺഗ്രസിന്റെ ചോദ്യം. രണ്ടുദിവസം കൊണ്ടുണ്ടായ പദ്ധതിയുടെ പിന്നിൽ ഗുരുതര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. ഇ ശ്രീധരനെ മുന്നിൽ നിർത്തി പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം വാങ്ങിയെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതിന് പിന്നിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി -സി.പി.എം ധാരണയുണ്ടെന്ന ആരോപണവും കോൺഗ്രസ് ഒരു മുഴം മുന്നേ ഉയർത്തി കഴിഞ്ഞു. ഇതോടെ ഇ. ശ്രീധരന്റെ ബദൽ നിർദേശവും രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെക്കുന്നത്.
Congress says CPM-BJP deal behind E. Sreedharan's K Rail alternative
Adjust Story Font
16