പാലക്കാട് പ്രതീക്ഷയോടെ മുന്നണികൾ; പഞ്ചായത്തുകളിലെ ഉയർന്ന പോളിങ് അനുകൂലമാകുമെന്ന് കോൺഗ്രസ്
പാലക്കാട് നഗരസഭയിലെ വോട്ടിങ്ങിലുണ്ടായ കുറവ് ബിജെപി കേന്ദ്രങ്ങളിലെ മന്ദതയായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്
പാലക്കാട്: നഗരസഭയിലെ കുറഞ്ഞ പോളിങ് ശതമാനവും പഞ്ചായത്തുകളിലെ ഉയർന്ന പോളിങ് ശതമാനവും അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്. പോളിങ് ശതമാനം ഉയരുമെന്നും യുഡിഎഫ് കണക്കാക്കുന്നു. യുഡിഎഫിനൊപ്പം എല്‍ഡിഎഫും ബിജെപിയും ഒരുപോലെ വിജയ പ്രതീക്ഷയിലാണ്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 70.51 ആണ് പാലക്കാട്ടെ പോളിങ് ശതമാനം. അതേസമയം ഈ കണക്ക് വർധിച്ചേക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നത്. മാത്തൂരിൽ 78% ശതമാനം പോളിങ് നടന്നു എന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുംലഭിച്ച സ്ലിപ്പുകളിലെ കണക്കിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പറയുന്നത്.
പിരായിരിയിലും കണ്ണാടിയിലും പോളിങ് വർധിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയപാർട്ടികൾ പറയുന്നത്. അതിനാൽ പോളിങ് ശതമാനം 72ന് മുകളിലെത്തുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. നഗരസഭയിൽ വോട്ടിങ്ങിലെ കുറവ് ബിജെപി കേന്ദ്രങ്ങളിലെ മന്ദതയായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതും പഞ്ചായത്തിലെ മികച്ച പോളിങ്ങും മികച്ച ഭൂരിപക്ഷത്തിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് ക്യാമ്പ് കരുതുന്നു.
അതേസമയം പഞ്ചായത്തുകളിലെ പരിമിതി മറികടക്കാൻ കഴിയുന്ന വോട്ട് നഗരസഭയില്‍ നിന്ന് ലഭിക്കുമെന്നാണ് ബിജെപി പറയുന്നത്. 2016മുതലുള്ള മൂന്നാം സ്ഥാനത്തിൽ നിന്ന് ഇത്തവണ മാറ്റം വരുത്തുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ഇന്നും നാളെയും മുന്നണികൾക്ക് കണക്കുകൂട്ടലിൻ്റെയും ദിവസമാണ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതീക്ഷിച്ച പോളിങ്ങാണുണ്ടായത്. കോൺഗ്രസും ബിജെപിയും തമ്മിലാണ് പാലക്കാട് മത്സരം നടന്നത്. ചേലക്കരയിലും യുഡിഎഫ് ജയിക്കുമെന്നും സതീശൻ പറഞ്ഞു.
Watch Video Report
Adjust Story Font
16