Quantcast

കേരളം ഇതുവരെ കാണാത്ത വൻ ദുരന്തം; കോൺഗ്രസ് 100ലേറെ വീടുകൾ നിർമിച്ചുനൽകുമെന്ന് രാഹുൽ ഗാന്ധി

വിഷയം പാർലമെന്റിൽ ഉന്നയിക്കും. ഇതൊരു വ്യത്യസ്തമായ ദുരന്തമാണ്, ആ നിലയ്ക്കു തന്നെ അത് കൈകാര്യം ചെയ്യും.

MediaOne Logo

Web Desk

  • Updated:

    2024-08-02 14:15:05.0

Published:

2 Aug 2024 12:08 PM GMT

Congress will build more than 100 houses for mundakai landslide victims says Rahul Gandhi
X

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകുമെന്ന വാഗ്ദാനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് 100ലേറെ വീടുകൾ നിർമിച്ചുനൽകും. ഭീകരമായൊരു ദുരന്തമാണ് മുണ്ടക്കൈയിലേത്. കേരളം മുമ്പ് കണ്ടിട്ടില്ലാത്തത്ര വലിയ ദുരന്തമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തഭൂമി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതാശ്വാസ ക്യാമ്പുകൾ താൻ സന്ദർശിച്ചിരുന്നു. വിഷയത്തിൽ ഇന്ന് അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. അപകടത്തിന്റെ തീവ്രതയും എത്ര വീടുകൾ തകർന്നെന്നും അവർ അറിയിച്ചു. ദുരന്തത്തിന് ഇരയായവർക്ക് കഴിയുംവിധം സഹായം ചെയ്യുമെന്ന് താനും ഉറപ്പ് നൽകി. വിഷയം പാർലമെന്റിൽ ഉന്നയിക്കും. മുഖ്യമന്ത്രിയുമായും സംസാരിക്കും. ഇതൊരു വ്യത്യസ്തമായ ദുരന്തമാണ്, ആ നിലയ്ക്കു തന്നെ അത് കൈകാര്യം ചെയ്യും.

കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷപെട്ടവരുടെ പുനരധിവാസം വളരെ പ്രധാനമാണ്. ദുരന്തത്തിൽ തകർന്നയിടത്തേക്ക് തിരിച്ചുപോവാനാവില്ലെന്ന് നിരവധി പേർ തന്നോട് പറഞ്ഞു. അതിനാൽ സുരക്ഷിതമായ സ്ഥലത്ത് അവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ​ഗാന്ധി, ബെയ്‌ലി പാലം കൂടി സജ്ജമായതോടെയാണ് ഇന്ന് ദുരന്തഭൂമിയിലേക്കും എത്തിയത്. ആദ്യം പുഞ്ചിമട്ടത്തേക്ക് പോയ രാഹുൽ ഗാന്ധി തുടർന്ന് മുണ്ടക്കൈയിലേക്കും എത്തി. ദുരന്തമുണ്ടായ ഓരോയിടവും സന്ദർശിച്ച അദ്ദേഹം സൈന്യത്തോട് രക്ഷാപ്രവർത്തനമുൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാൽ എം.പിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അതേസമയം, മുണ്ടക്കൈ ദുരന്തമേഖലയിൽ നാലാം ദിനവും രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. ദുരന്തത്തിൽ ഇതുവരെ 338 പേരാണ് മരിച്ചത്. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. 200ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് വിവരം. മരിച്ചവരിൽ 27 കുട്ടികളും ഉൾപ്പെടുന്നു.

107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 279 പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്ന് രാവിലെ മുതൽ ആറ് ഭാഗങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്നത്തെ മൃതദേഹങ്ങളിൽ കൂടുതലും കിട്ടിയത് ചൂരൽമല സ്‌കൂൾ റോഡിൽ നിന്നാണ്. രണ്ട് മൃതദേഹങ്ങളും വിവിധ ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും കണ്ടെത്തുകയും ചെയ്തു.

TAGS :

Next Story