സേവനത്തിലെ ന്യൂനത; മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
എറണാകുളം പോണേക്കര സ്വദേശി അനിൽകുമാർ ടി എസ്, മിന്ത്ര ഓൺലൈൻ സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്
കൊച്ചി : ഓൺലൈൻ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാതെ ഇ-കൊമേഴ്സ് സ്ഥാപനം ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി.
വിൽക്കുന്ന സ്ഥാപനവും ഉപഭോക്താവും തമ്മിലുള്ള ഇടപാടിൽ ഇടനിലക്കാരൻ മാത്രമാണെന്നും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത തങ്ങൾക്ക് ഇല്ലെന്നുമുള്ള മിന്ത്രയുടെ നിലപാട് നിരാകരിച്ച് കൊണ്ടാണ് 20,000 രൂപ നഷ്ടപരിഹാരം ഉപഭോക്താവിന് നൽകാൻ കോടതി ഉത്തരവിട്ടത്. എറണാകുളം പോണേക്കര സ്വദേശി അനിൽകുമാർ ടി എസ്, മിന്ത്ര ഓൺലൈൻ സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
പരാതിക്കാരൻ 5000 രൂപ 'മിന്ത്ര ക്രെഡിറ്റ്' എന്ന പദ്ധതിയിൽ നിക്ഷേപിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് എതിർ കക്ഷി അത് റദ്ദാക്കി. പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും എതിർകക്ഷിയുടെ ഉപാധികൾ പ്രകാരമാണ് തുക റദ്ദാക്കിയതെന്നും തുക കൈമാറ്റം ചെയ്യാൻ കഴിയുന്നതല്ലന്നും എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു. വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള ഇടപാടിൽ ഉണ്ടാകുന്ന തർക്കത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം ഫോമിന് ബാധ്യതയില്ലെന്ന് എതിർകക്ഷി വാദിച്ചു.
മൂന്നാം കക്ഷിയുടെ തെറ്റിന് ഇടനിലക്കാരായ ഇ- കൊമേഴ്സ് സ്ഥാപനത്തിന് ബാധ്യതയില്ലെങ്കിലും സ്വന്തം തെറ്റിൽ ഇവർ സമാധാനം പറയണമെന്ന് പ്രസിഡന്‍റ് ഡി. ബി. ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. 5000/- രൂപ എതിർകക്ഷി പരാതിക്കാരന് തിരിച്ചു നൽകണം. കൂടാതെ പതിനായിരം രൂപ നഷ്ടപരിഹാരവും 5000/- രൂപ കോടതി ചെലവും പരാതിക്കാരന് നൽകാൻ കോടതി എതിർകക്ഷിക്ക് നിർദ്ദേശം നൽകി.
Adjust Story Font
16