പി.ടിയുടെ പൊതുദർശനത്തിനായി ചെലവഴിച്ച പണത്തെ ചൊല്ലി തൃക്കാക്കര നഗരസഭയില്‍ വിവാദം പുകയുന്നു
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ചെലവ് സംബന്ധിച്ചുള്ള കണക്ക് സമർപ്പിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു
പി.ടി തോമസിന്‍റെ പൊതുദർശനത്തിന് ചെലവഴിച്ച പണത്തെ ചൊല്ലി തൃക്കാക്കര നഗരസഭയില്‍ വിവാദം പുകയുന്നു. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ചെലവ് സംബന്ധിച്ചുള്ള കണക്ക് സമർപ്പിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. ആരോപണം ചെയർപേഴ്സണ്‍ അജിത തങ്കപ്പന്‍ നിഷേധിച്ചു.
അന്തരിച്ച പി.ടി തോമസിന്‍റെ മൃതദേഹം തൃക്കാക്കര നഗരസഭയില്‍ പൊതുദർശനത്തിന് വയ്ക്കാന്‍ ചെലവാക്കിയത് നാല് ലക്ഷത്തി മൂവായിരം രൂപയായിരുന്നു. പൂക്കള്‍ വാങ്ങാന്‍ മാത്രം ഒരു ലക്ഷത്തി പതിനേഴായിരം രൂപയും ചെലവാക്കി. കൗണ്‍സിലിന്‍റെ അനുമതി വാങ്ങാതെയാണ് ഇത്രയും പണം ചെലവിട്ടതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. മാത്രമല്ല, ചെലവ് സംബന്ധിച്ചുള്ള കണക്ക് ഭരണപക്ഷം ഇതുവരെ സമർപ്പിച്ചിട്ടുമില്ല. പൂ വാങ്ങിയതിന് പിന്നില്‍ അഴിമതിയുള്ളതുകൊണ്ടാണ് കണക്ക് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളുകയാണ് നഗരസഭ ചെയർപേഴ്സണ്‍. ഇടത് അംഗങ്ങള്‍ കൂടി പങ്കെടുത്ത അടിയന്തര യോഗമണ് തുക ചെലവാക്കാന്‍ തീരുമാനിച്ചതെന്ന് ചെയർപേഴ്സണ്‍ അറിയിച്ചു. മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും നഗരസഭയ്ക്ക് ചെലവായ തുക കോണ്‍ഗ്രസ് തിരിച്ചടക്കുമെന്നുമാണ് ചെയർപേഴ്സണ്‍ പറയുന്നത്. എന്നാല്‍ തുക തിരിച്ചടച്ചതുകൊണ്ട് അഴിമതി അല്ലാതാകുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ മറുവാദം.
Adjust Story Font
16