പാലക്കാട് മൂലത്തറ ഡാമിന്റെ പുനർനിർമാണത്തിലെ അഴിമതി; വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി
ക്രമക്കേട് ചൂണ്ടികാട്ടി രണ്ട് വർഷം മുൻപ് ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് നടപടി
പാലക്കാട്: പാലക്കാട് മൂലത്തറ ഡാമിന്റെ പുനർനിർമാണത്തിൽ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. ക്രമക്കേട് ചൂണ്ടികാട്ടി രണ്ട് വർഷം മുൻപ് ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് നടപടി. നിർമാണത്തിലെ അപാകതയ്‌ക്കൊപ്പം അനധികൃത സാമ്പത്തിക ഇടപാടും നടന്നുവെന്ന് പ്രാഥമിക പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
പ്രളയത്തിൽ തകർന്ന മൂലത്തറ ഡാമിന്റെ പുനർനിർമാണത്തിൽ കോടികളുടെ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കാട്ടി 2021ൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും, ഡി.വൈ.എഫ്.ഐ ചിറ്റൂർ ബ്ലോക്ക് കമ്മിറ്റി പരാതി നൽകിയിരുന്നു. പഴയ ഷട്ടറുകളിലും കോൺക്രീറ്റ് തൂണുകളിലും മിനുക്കു പണികൾ മാത്രമാണ് ചെയ്തതെന്നും കരാർ ഉറപ്പിച്ചതിനെക്കാൾ പതിനൊന്ന് കോടിയിലധികം രൂപ ചെലവായ വഴി പരിശോധിക്കണമെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. വിജിലൻസ് പാലക്കാട് യൂണിറ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് സർക്കാരിന് റിപ്പോർട്ട് നൽകി. പിന്നാലെയാണ് അന്വേഷണത്തിന് അനുമതിയായത്.
നിർമാണത്തിലെ അപാകതയ്‌ക്കൊപ്പം അനധികൃത സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. നിർമ്മാണ കമ്പനി ജനപ്രതിനിധികൾക്ക് ഉൾപ്പെടെ കോടികളുടെ കൈക്കൂലി നൽകിയെന്നും ആരോപണമുയർന്നിരുന്നു.
Adjust Story Font
16