കരുവന്നൂർ ബാങ്ക്: വ്യാജ വായ്പയെടുത്ത മുൻ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ് ബിജു കരീം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, വ്യാജ വായ്പയെടുത്ത മുൻ ബാങ്ക് മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മുൻ മാനേജരും കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയുമായ ബിജു കരീമിനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
മൂർക്കനാട് പൊയ്യാറ പരേതനായ ഗൗതമിന്റെ ഭാര്യ ജയിഷ നൽകിയ പരാതിയിലാണ് കോടതി നടപടി. പൊലീസിൽ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.
2013ൽ ജയിഷയുടെ ഭർത്താവ് ഗൗതമൻ കരുവന്നൂർ ബാങ്കിൽനിന്ന് 5 ലക്ഷം വായ്പ എടുത്തിരുന്നു. പിന്നീട് അത് അടച്ചുതീർത്തു. കുറച്ചു പണം സ്ഥിരനിക്ഷേപമായി ബാങ്കിൽ തന്നെ ഇടുകയും ചെയ്തു.
2018ൽ ഗൗതമൻ മരിച്ചു. എന്നാൽ, 2022ൽ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ 35 ലക്ഷം വായ്പാ കുടിശ്ശികയുണ്ടെന്ന് അറിയിച്ചു. 2013, 2015, 2016 വർഷങ്ങളിലായി 35 ലക്ഷത്തിന്റെ വായ്പയെടുത്തെന്നാണ് അറിയിച്ചത്. ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് ജയിഷ കോടതിയെ സമീപിച്ചത്.
Adjust Story Font
16