തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ക്ലസ്റ്റർ; പത്ത് ദിവസത്തിനിടെ കൊവിഡ് ബാധിതരായത് 173 പേർ
അധികൃതരുടെ നിർദേശത്തെ അവഗണിച്ച് കോളജിൽ വിദ്യാർഥികൾ പുതുവത്സരാഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ആദ്യം കൊവിഡ് പോസിറ്റീവായത്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ക്ലസ്റ്റർ. ആരോഗ്യ പ്രവർത്തകരും ഫാർമസി വിദ്യാർത്ഥികൾക്കുമടക്കം കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് ബാധിതരായത് 173 പേർക്ക്. ഇന്ന് 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഫാർമസി കോളജിലെ 61 വിദ്യാർത്ഥികൾക്കും ഒമ്പത് അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 33 പാരാമെഡിക്കൽ വിദ്യാർത്ഥികൾക്കും രോഗ ബാധയുണ്ട്. ആറ് മെഡിക്കൽ വിദ്യാർത്ഥികളും 12 നഴ്‌സിംഗ് സ്റ്റാഫും കൊവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. അഞ്ച് പേർക്ക് രോഗം വരുന്നത് രണ്ടാം തവണയാണ്. 47 പേർ മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. മറ്റുള്ളവർ ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു.
കോളജിൽ വിദ്യാർഥികൾ പുതുവത്സരാഘോഷത്തിനായി ഒത്തുകൂടിയിരുന്നു. അധികൃതരുടെ നിർദേശത്തെ അവഗണിച്ചാണ് വിദ്യാർഥികൾ പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ആദ്യം കൊവിഡ് പോസിറ്റീവായത്. പുതുവത്സരാഘോഷത്തിന് ശേഷം കോളജിൽ ക്ലാസുകൾ നടന്നിരുന്നു. ഇതോടെയാണ് കൂടുതൽ വിദ്യാർഥികളിലേക്ക് കൊവിഡ് പടർന്നത്. ഇത്രയും വിദ്യാർഥികൾക്ക് കൊവിഡ് ബാധിച്ചതോടെ കോളജിനെ ക്ലസ്റ്ററായി കണക്കാക്കി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാമ്പസിനുള്ളിലാണ് ഫാർമസി കോളജും പ്രവർത്തിക്കുന്നത്. ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളജ് ക്യാമ്പസിനുള്ളിൽ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടത് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.
Adjust Story Font
16