കോവിഡ്: മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
പൊതുപരിപാടികൾക്ക് പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണം
കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുഴുവൻ യോഗങ്ങളും മറ്റ് പരിപാടികളും ചടങ്ങുകളും ഓൺലൈനിൽ മാത്രമേ നടത്താവൂ. പൊതുപരിപാടികൾക്ക് പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണം.
ഈ നിയന്ത്രണം മതപരമായ ചടങ്ങുകൾക്കും ബാധകമാണ്. ജില്ലയിലെ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതലാകുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ഉടൻ തന്നെ അവിടം 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർ, പ്രധാനധ്യാപകർ എന്നിവർക്ക് അധികാരം നൽകി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 28,481 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂർ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂർ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസർഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ഇവരിൽ 2,64,003 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5419 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,42,512 കോവിഡ് കേസുകളിൽ, 3.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 83 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 165 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,522 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 579 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 215 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7303 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 785, കൊല്ലം 989, പത്തനംതിട്ട 558, ആലപ്പുഴ 119, കോട്ടയം 159, ഇടുക്കി 283, എറണാകുളം 2468, തൃശൂർ 209, പാലക്കാട് 222, മലപ്പുറം 174, കോഴിക്കോട് 574, വയനാട് 137, കണ്ണൂർ 391, കാസർഗോഡ് 235 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,36,013 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
Adjust Story Font
16