Quantcast

'സിപിഎം പിരിച്ചുവിടേണ്ട സമയമായി, സിപിഐ മുന്നണി വിട്ട് പുറത്തു വരണം'- എംഎം ഹസൻ

''എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും' എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് സിപിഎമ്മിന്റെ കാര്യത്തിൽ ഇപ്പോൾ അർത്ഥവത്തായി''

MediaOne Logo

Web Desk

  • Updated:

    2024-06-30 07:56:12.0

Published:

30 Jun 2024 6:59 AM GMT

CPI should quit LDF, says MM Hassan
X

സിപിഐ മുന്നണി വിട്ട് പുറത്തുവരണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും സിപിഎം പിരിച്ചുവിടേണ്ട സമയമായെന്നും എംഎം ഹസൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം:

സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സിപിഎം പിരിച്ച് വിടേണ്ട സമയമായി. കമ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വഴിമാറിയുള്ള സിപിഎം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റികളിലെ വിമർശനത്തിലൂടെ അടിവരയിടുന്നു. ഇതിലുള്ള പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം അണികൾ തീരുമാനിച്ചത്.

നേതാക്കൾ പകർന്ന് നൽകിയ അന്ധമായ കോൺഗ്രസ് വിരോധവും സ്വന്തം നേതാക്കൾക്ക് ബിജെപി നേതാക്കളോടുളള അടുപ്പവും സിപിഎം അണികളെ ബിജെപിയിലേക്ക് അടുപ്പിക്കുകയും ചെയ്തു. സിപിഎമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎമ്മിന്റെ മുൻ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ആർജ്ജവും ധൈര്യവും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടി എംവി ഗോവിന്ദനും കാട്ടണം.

മനു തോമസിന്റെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ അന്ത്യത്തിന് അവരുടെ ശക്തികേന്ദ്രവും ഉരുക്കുകോട്ടയുമായ കണ്ണൂരിൽ നിന്ന് തന്നെ തുടക്കം കുറിച്ചെന്ന് വ്യക്തമാണ്. സിപിഎം നേതൃത്വത്തിന്റെ ക്രിമിനൽ,ക്വട്ടേഷൻ,മാഫിയ ബന്ധങ്ങളുടെ ഉള്ളറകളെ സംബന്ധിച്ച തുറന്ന് പറച്ചിലാണ് മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മനുതോമസ് നടത്തിയിരിക്കുന്നത്. വർഷങ്ങളായി യുഡിഎഫ് ഇക്കാര്യം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. മനുതോമസിന്റെ ആരോപണത്തിലൂടെ അതിന്റെ ഭീകരത പൊതുസമൂഹത്തിന് കൂടുതൽ ബോധ്യമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് മുതൽ സിപിഎം നേതാക്കൾക്ക് സ്വർണ്ണത്തോടുള്ള അഭിനിവേശം പുറത്ത് വന്നതാണ്. അത് ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുകയാണ് മനുതോമസ് തന്റെ ആരോപണത്തിലൂടെ...

സിപിഎം നേതാക്കളുടെ ക്രിമിനൽ ബന്ധത്തിനും മാഫിയാ,ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കും മൗനാനുവാദം നൽകിയത് മുഖ്യമന്ത്രിയാണ്. സ്വന്തം മകളുടെ മാസപ്പടിയും മറ്റുആരോപണങ്ങളെയും മറച്ചുപിടിക്കാൻ അദ്ദേഹം കാട്ടിയ അമിത താൽപ്പര്യം കമ്യൂണിസ്റ്റ് ആശയങ്ങളെ ബലികളിപ്പിച്ച് വഴിവിട്ടമാർഗത്തിലൂടെ സഞ്ചരിക്കാൻ സിപിഎമ്മിന്റെ മറ്റുനേതാക്കൾക്കും പ്രചോദനമായി. പ്രകാശ് ജാവേദക്കറുമായി ചേർന്ന് സംഘപരിവാർ ശക്തികളുമായി രഹസ്യകൂടിക്കാഴ്ചയ്ക്കും രാഷ്ട്രീയ ബാന്ധവത്തിനും എൽഡിഎഫ് കൺവീനർ തന്നെ തുനിഞ്ഞത് അതിന് ഉദാഹരണം. 'എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും' എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് സിപിഎമ്മിന്റെ കാര്യത്തിൽ ഇപ്പോൾ അർത്ഥവത്തായി.

ഹസ്സന്റെ പ്രസ്താവനയെ ചിരിച്ചു കൊണ്ട് തള്ളിക്കളയുന്നു എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. നിലവിൽ എൽഡിഎഫ് വിടേണ്ട ആവശ്യം സിപിഐയ്ക്കില്ലെന്നും എൽഡിഎഫിനെ ശക്തിപ്പെടുത്തിക്കൊണ്ടേ സിപിഐയ്ക്ക് മുന്നോട്ട് പോകാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story