പാലാ ബിഷപ്പിന് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് സി.പി.എം
ഹരിതയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിൽ ലീഗിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾ പ്രകടമാണെന്ന് എ. വിജയരാഘവൻ
നാർക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തി വിവാദത്തിലായ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങോട്ടിലിന് ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കരുതുന്നില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എ. വിജയരാഘവൻ. സംഭവത്തിൽ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തിൽ അവരുടെ സാന്നിധ്യം അറിയിക്കാൻ ഇത്തരം കാര്യങ്ങളിലൂടെ മാത്രമേ കഴിയൂവെന്നും അദ്ദേഹം വിമർശിച്ചു. വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന കാര്യം മതത്തിന്റെ പേരിൽ പറയേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യക്തതയുള്ള മതനിരപേക്ഷ നിലപാടിന്റെ ഭാഗമായാണ് ഇടതുപക്ഷം രണ്ടാമതും അധികാരത്തിൽ വന്നതെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഉൾപ്പാർട്ടി ജനാധിപത്യമില്ലാത്ത രീതികൾ കോൺഗ്രസിനെ ദുർബലപ്പെടുത്തിയെന്നും കൂടുതൽ പേർ ഇനിയും പാർട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു. മതേതര നിലപാടുള്ളവർ സി.പി.എമ്മിലേക്ക് എത്തുമെന്നും അവർക്ക് പാർട്ടി അർഹമായ സ്ഥാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യമില്ലായ്മ മുസ്‌ലിംലീഗിന്റെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ് അവരെ എത്തിച്ചിരിക്കുന്നത്. എം.എസ്.എഫ് ഉപഘടകമായ ഹരിതയുമായി ബന്ധപ്പെട്ട് അവർ സ്വീകരിച്ച നടപടികളിൽ അവരുടെ സ്ത്രീ വിരുദ്ധ നിലപാടുകൾ പ്രകടമാണെന്നും എ. വിജയരാഘവൻ പറഞ്ഞു.
Adjust Story Font
16