കോട്ടയത്ത് ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് ചോരാതിരിക്കാൻ പ്രതിരോധവുമായി സി.പി.എം
പരമ്പരാഗതമായി എല്‍.ഡി.എഫിന് സ്വാധീനമുള്ള ഈഴവ വോട്ടുകളുടെ ചോർച്ച ഇടതുമുന്നണിയെ മാത്രമേ കാര്യമായി ബാധിക്കൂവെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ
കോട്ടയം: മണ്ഡലത്തില്‍ ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് ചോരാതിരിക്കാൻ പ്രതിരോധവുമായി സി.പി.എം. കുടുംബയോഗങ്ങൾ വഴിയും ലഘുലേഖകൾ വീടുകളിലെത്തിച്ചും വോട്ട് ഉറപ്പിക്കാനാണ് ശ്രമം. യു.ഡി.എഫ് വോട്ടുകളിൽ ബി.ഡി.ജെ.എസ് കടന്നുകയറുമെന്നും സി.പി.എമ്മിന് ആശങ്കയില്ലെന്ന് ജില്ലാ സെക്രട്ടറി എ.വി റസൽ പ്രതികരിച്ചു.
കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി എത്തിയതോടെ എസ്.എന്‍.ഡി.പി യൂനിയൻ നേതാക്കളും പരോക്ഷമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെടുന്നുണ്ട്. ജില്ലയിൽ നിർണായക സ്വാധീനമുള്ള ഈഴവ വോട്ടുകളിൽ തുഷാർ വിള്ളൽ വീഴ്ത്തുമോയെന്ന ആശങ്ക എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ അലട്ടുന്നു.
എന്നാൽ, പരമ്പരാഗതമായി എല്‍.ഡി.എഫിന് സ്വാധീനമുള്ള ഈഴവ വോട്ടുകളുടെ ചോർച്ച ഇടതുമുന്നണിയെ മാത്രമേ കാര്യമായി ബാധിക്കൂവെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. സി.പി.എം വോട്ടുകളിൽ കുറവ് വരുമോയെന്ന ആശങ്ക കേരളാ കോൺഗ്രസ് എമ്മും മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം നേരിട്ട് വോട്ട് ചോർച്ച തടയാൻ ശ്രമം തുടങ്ങിയത്.
കുടുംബയോഗങ്ങൾ വിളിച്ച് ബി.ഡി.ജെ.എസ് നീക്കം വോട്ടർമാരെ ധരിപ്പിക്കുണ്ട്. കൂടാതെ വൈക്കം സത്യഗ്രഹം അടക്കമുള്ള നവോഥാന സമരങ്ങളുടെ ചരിത്രവും ഇടപെടലുകളും അടങ്ങുന്ന ലഘുലേഖകളും വീടുകളിൽ എത്തിച്ചുതുടങ്ങി.
2015ല്‍ ബി.ഡി.ജെ.എസ് രൂപീകൃതമായതിനു ശേഷം നടന്ന തദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എം വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി.ഡി.ജെ.എസിനു കഴിഞ്ഞിരുന്നു. ഇതടക്കം മുൻനിർത്തിയാണ് സി.പി.എം ഈഴവ വോട്ടുകൾ ഉറപ്പിക്കാൻ തീവ്രശ്രമം നടത്തുന്നത്.
Summary: CPM takes countermeasures to prevent leakage of Ezhava votes to BDJS in Kottayam constituency
Adjust Story Font
16